മധ്യപ്രദേശിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ 11 മരണം, നിരവധി വീടുകളും വാഹനങ്ങളും നശിച്ചു

ഭോപ്പാല്‍. മധ്യപ്രദേശില്‍ അനധികൃത പടക്കനിര്‍മാണ് ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 11 ആയി. ചൊവ്വാഴ്ച രാവിലെയാണ് ഹര്‍ദയിലെ ബൈരാഗഡ് പ്രദേശത്തെ ഫാക്ടറിയില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ സമീപത്തെ അറുപതോളം വീടുകളും വാഹനങ്ങളും കത്തി നശിച്ചതായിട്ടാണ് വിവരം. അതേസമയം ഫാക്ടറിയില്‍ തുടര്‍ച്ചയായി സ്‌ഫോടനം നടക്കുന്നതായിട്ടാണ് വിവരം.

തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കും. അതേസമയം പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും ധനസഹായം നല്‍കും.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ മന്ത്രി ഉദയ് പ്രതാപ് സിങ് സന്ദര്‍ശിച്ചു. തീ ആളി പടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.