പതിനേഴുകാരന്റെ ദുരൂഹ മരണം; സുഹൃത്തുക്കള്‍ മയക്കുമരുന്ന് മണപ്പിച്ചെന്ന് കുടുംബം

തിരുവനന്തപുരം : 17കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതിമാരുടെ മകന്‍ ഇര്‍ഫാന്‍ (17) ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മകൻ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് മയക്കുമരുന്ന് നല്‍കിയതിനാലാണെന്നാണ് കുടുംബത്തിന്റെ പരാതി.

സുഹൃത്തുക്കള്‍ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ഇർഫാനെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി

അവശനായ ഇർഫാനെ ഏഴുമണിയോടെ ഒരാള്‍ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു. വീട്ടിലെത്തിയ ഇര്‍ഫാന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ഛര്‍ദ്ദിച്ചതോടെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടില്‍ മടങ്ങുകയും ചെയ്തു.

എന്നാൽ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴേക്കും ഇര്‍ഫാന്‍ മരിച്ചു. സംഭവത്തില്‍ കഠിനംകുളം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൃത്യമായ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പ്രതികരിച്ചു.