മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകം, 10 പേർ അറസ്റ്റിൽ, രണ്ടുപേർ നിരീക്ഷണത്തിൽ, കൂടുതൽ പേർ കുടുങ്ങും

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ അശോക് ദാസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്. രണ്ടു പേർ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റ് കുറ്റകൃത്യത്തിൽ പങ്കെടുത്തു എന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും. ഇതിനായി മൊബൈൽ രേഖകൾ പോലീസ് പരിശോധിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.

സംഭവത്തിൽ 10 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ വാങ്ങി വീണ്ടും ചോദ്യം ചെയ്തേക്കും. പ്രതികൾ അശോക് ദാസിനെ മർദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിക്കും. പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും അശോക് ദാസിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് അശോക് ദാസിനെതിരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. അശോക് ദാസും പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അശോക് അവിടെ വച്ച് സ്വയം കൈകൾക്ക് മുറിവേൽപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ കൂട്ടം കൂടി മർദ്ദിക്കുകയായിരുന്നു. മർദ്ദന ശേഷം സമീപത്തുണ്ടായിരുന്ന ഇരുമ്പ് തൂണിൽ കെട്ടിയിട്ടു. കെട്ടിയിട്ട ശേഷവും മർദ്ദനം തുടർന്നു. ശ്വാസകോശം തകർന്നു പോകുകയും തലയുടെ വലതുഭാഗത്ത് രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.