യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്ന് ആരോപണം

കൊല്ലം ചവറ ചേന്നങ്കര മുക്കിൽ രണ്ട്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ക്രൂരക്ര്യത്യത്തിനു പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്ന് ആരോപണം. യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ്മോൻ, സനൂപ് എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വൈകീട്ട് 7.30 ഓടെയായിരുന്നു സംഭവം. പ്രവീൺ എന്ന ഡിവൈഎഫ്‌ഐ പ്രവർത്തകനാണ് ഇരുവരെയും വെട്ടിയത് എന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആരോപണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക തർക്കങ്ങളുടെ പേരിലായിരുന്നു അക്രമമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജ് കുറ്റപ്പെടുത്തി.

എന്നാൽ സംഭവവുമായി ഡിവൈഎഫ്‌ഐക്ക് ബന്ധമില്ലെന്നും സംഘടനയുടെ ജില്ലാ നേതൃത്വം പ്രതികരിച്ചു. ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നും അക്രമിക്ക് ഡിവൈഎഫ്‌ഐയുമായി ബന്ധമില്ലെന്നും നേതാക്കൾ അവകാശപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.