2ജി സ്‌പെക്ട്രം അഴിമതിക്കേസ്, മുൻ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴിക്കും തിരിച്ചടി, സിബിഐ ഹർജി സ്വീകരിച്ച് ഹൈക്കോടതി

ഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുൻ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവർക്ക് തിരിച്ചടി. കേസില്‍ ഇരുവരേയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള സി ബി ഐയുടെ അപ്പീൽ ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച ഹർജിയില്‍ സ്വീകരിച്ചു. കേസില്‍ പ്രതികളായ യു പി എ കാലത്തെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും സി ബി ഐ ഹർജിയില്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

2017 ഡിസംബറിൽ പ്രത്യേക കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടിരുന്നു. ഏഴ് വർഷമായി സിബിഐ യ്ക്ക് അഴിമതി സംബന്ധിച്ച് ഒരു തെളിവും നൽകാൻ സാധിച്ചിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സി ബി ഐ 2018ൽ തന്നെ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധിയിൽ വ്യക്തമായ നിയമവിരുദ്ധതയുണ്ടെന്നാണ് സി ബി ഐ ഹർജിയിലൂടെ വ്യക്തമാക്കുന്നത്.

എ രാജയെയും കനിമൊഴിയെയും കൂടാതെ മുൻ ടെലികോം സെക്രട്ടറി സിദ്ധാർത്ഥ് ബെഹുറ, രാജയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ആർ കെ ചന്ദോലിയ, യുണിടെക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സഞ്ജയ് ചന്ദ്ര, റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിൻ്റെ (റാഡാഗ്) മൂന്ന് മുൻനിര ഉദ്യാഗസ്ഥരായ ഗൗതം ദോഷി, സുരേന്ദ്ര പിപാര, ഹരി നായർ എന്നിവരെയായിരുന്നു നേരത്തെ കോടതി വെറുതെ വിട്ടത്.