മാതൃദിനത്തില്‍ 58-ാം വയസ്സില്‍ അമ്മയായി, പൊന്നോമനയെ നെഞ്ചോട് ചേര്‍ത്ത് ഷീല

മൂവാറ്റുപുഴ: മാതൃ ദിനത്തില്‍ സന്തോഷിക്കാന്‍ ഷീലയ്ക്ക് വേറെന്ത് വെണം. 58-ാം വയസില്‍ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ഷീല. റിട്ടയേഡ് ജീവിതം ആഘോഷമാക്കാന്‍ കുഞ്ഞ് അതിഥി ജീവിതത്തിലേക്ക് എത്തിയ സന്തോഷം പറഞ്ഞറിയിക്കാന്‍ ഷീലയ്ക്ക് വാക്കുകളില്ല. ലോകം മുഴുവന്‍ കോവിഡ് 19 ദുരിത അനുഭവത്തിലൂടെ കടന്ന് പോകുമ്പോള്‍ ഷീലയ്ക്കും ഭര്‍ത്താവ് ബാലുവിനും ഇത് നല്ലകാലമാണ്. യാതൊരു തിരക്കുമില്ലാതെ, ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഇല്ലാതെ താരാട്ട് പാടാനും കുട്ടി കുറുമ്പുകള്‍ കണ്ട് രസിക്കാനുമാകുമല്ലോ എന്ന സന്തോഷത്തിലാണ് ദമ്പതികള്‍.

കുട്ടികള്‍ക്കായി കാല്‍ നൂറ്റാണ്ടുകളായി കാത്തിരിക്കുകയായിരുന്നു ഷീലയും ബാലുവും. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ആ കാത്തിരിപ്പിന് അന്ത്യമായത്. തന്റെ അന്‍പത്തി എട്ടാം വയസില്‍ ഷീല പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സിസേറിയനിലൂടെ ആയിരുന്നു ഷീല കുഞ്ഞിന് ജന്മം നല്‍കിയത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ കുഞ്ഞിന് ജന്മം നല്‍കിയിട്ടും മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ തന്നെ കഴിയുകയാണ് ഷീല. മാതൃദിനമായ ഇന്നലെ ആശുപത്രി അധികൃതര്‍ ഷീലയ്ക്ക് മധുര പലഹാരങ്ങളും മറ്റും നല്‍കി ആദരിക്കുകയും ചെയ്തു.

ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്‍രില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ച തിരുവനന്തപുരം കടയ്ക്കാവൂര്‍ ലീല മന്ദിരത്തില്‍ ആര്‍ ഷീലയും കോളേജ് പ്രഫസറായി വിരമിച്ച കെ ആര്‍ ബാലുവും വിവാഹ ശേഷം ഒരു കുഞ്ഞിക്കാല്‍ കാണാനായി കാത്തിരിക്കുകയായിരുന്നു. 25 വര്‍ഷത്തെ കാത്തിരിപ്പിനിടയ്ക്ക് തിരുവനന്തപുരും മറ്റുമായി ഒട്ടേറെ ചികിത്സകള്‍ നടത്തി. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. എന്നാല്‍ പിന്മാറാന്‍ ഇരുവരും തയ്യാര്‍ ആയിരുന്നില്ല. പ്രായവും ആരോഗ്യവും ഒന്നും അമ്മയാകണമെന്ന ഷീലയുടെ മോഹത്തിനു വിലങ്ങുതടി ആയില്ല. കഴിഞ്ഞ വര്‍ഷമാണ് ബന്ധുകൂടിയായ ഡോ. സബൈന്‍ ശിവദാസിന്റെ അടുക്കല്‍ ചികിത്സയ്ക്കായി എത്തിയത്. ഒടുവില്‍ ഷീലയുടെ കൈകളിലേക്ക് ആ കൊച്ചു സുന്ദരി പിറന്ന് വീഴുകയായിരുന്നു.