10 ലക്ഷം രൂപ ആവശ്യപ്പെട്ട് ആറുവയസുകാരിയുടെ അമ്മയെ വിളിച്ചത് അനിതകുമാരിയോ എന്നറിയാൻ ശബ്ദപരിശോധന നടത്തി

കൊട്ടാരക്കര∙10 ലക്ഷം രൂപ ആവശ്യപ്പെട്ട് ആറു വയസ്സുകാരിയുടെ മാതാവിനെ വിളിച്ചത് പ്രതികളിൽ ആരെന്നറിയാനുള്ള ശബ്ദ പരിശോധന നടത്തി. രണ്ടാം പ്രതി എം.ആർ.അനിതകുമാരിയെയാണ് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ എത്തിച്ച് ശബ്ദപരിശോധന നടത്തിയത്. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് അനിതകുമാരി വിളിച്ചിരുന്നു. ഈ ശബ്ദം ഇവരുടേതാണെന്നു ശാസ്ത്രീയമായി തെളിയിക്കുന്നതിനാണു പരിശോധന. ‌

10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ ചേർന്ന് കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ചെന്നാണ് കേസ്. പത്മകുമാറിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. പത്മകുമാറിന്റെയും അനിതകുമാരിയുടെയും അക്കൗണ്ടുകളിൽ കോടികളുടെ വായ്പ തിരിച്ചടവിന്റെ വിവരങ്ങളാണ് ഉള്ളത്. യുട്യൂബ് ചാനൽ വഴി ലക്ഷങ്ങൾ മകൾ അനുപമയുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്.

തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂവരും ഇപ്പോൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. 7 ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന നാളെ ഇവരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.