വിഷാംശമുണ്ടോ എന്നറിയില്ല, സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് എംപിമാര്‍

ന്യൂഡല്‍ഹി. പാര്‍ലമെന്റില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി എംപിമാര്‍. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നാണ് എംപിമാര്‍ ആവശ്യപ്പെട്ടത്. ഒരാള്‍ ഡെസ്‌കിന് മുകളിലൂടെ സ്പീക്കര്‍ക്ക് അരികിലേക്ക് ഓടിയപ്പോള്‍ മറ്റൊരാള് മഞ്ഞ നിറത്തിലുള്ള പുക പരത്തുകയായിരുന്നു.

സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും ഒരാള്‍ വീണെന്നാണ് ആദ്യം കരുതിയതെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പറഞ്ഞു. ഒരാള്‍ സ്പീക്കറുടെ അടുത്തേക്ക് ഓടി ഇയാളെ ചില എംപിമാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചു. പിന്നാലെ കൈയിലിരുന്ന കാനിസ്റ്റര്‍ തുറക്കുകയും അതില്‍ നിന്നും മഞ്ഞ പുക പുറത്തേക്ക് വരുകയുമായിരുന്നു.

അതേസമയം ഇതില്‍ എന്തെങ്കിലും വിഷാംശമുണ്ടോ എന്ന കാര്യം അറിയില്ലെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ് പറഞ്ഞു.