സ്ത്രീകള്‍ക്ക് പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്: യേശുദാസ്

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് ഗായകന്‍ കെ ജെ യേശുദാസ് രംഗത്ത്. ശബരിമലയിലെത്തുന്ന അയ്യപ്പന്മാര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യമുണ്ടാകും എന്നാണ് യേശുദാസ് പറഞ്ഞിരിക്കുന്നത്. ചെന്നൈയില്‍ ഒരു സംഗീത പരിപാടിക്ക് എത്തിയപ്പോഴാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് യേശുദാസ് മറുപടി നല്‍കിയത്.

”സുന്ദരിയായ ഒരു സ്ത്രീയാണെന്ന് കരുതൂ, ഒരു വ്യത്യാസവും സംഭവിക്കില്ല. അയ്യപ്പന്‍ കണ്ണ് തുറന്ന് നോക്കുകയൊന്നുമില്ല. എന്നാല്‍ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പന്മാര്‍ സ്ത്രീകളെ കാണും. അത് മനസ്സിന് ചാഞ്ചല്യമുണ്ടാക്കും. ഉദ്ദേശം മാറിപ്പോകും. അതുകൊണ്ടാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകണ്ട എന്ന് പറയുന്നത്. വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്. സ്ത്രീകള്‍ക്ക് അവിടെയൊക്കെ പോകാമല്ലോ” എന്നാണ് യേശുദാസ് പറഞ്ഞത്.

തന്റെ അച്ഛന്‍ രഹസ്യമായി 41 ദിവസം വ്രതമെടുത്ത് ശബരിമലയില്‍ പോയിരുന്നുവെന്ന് യേശുദാസ് പറഞ്ഞു. അമ്മപോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ടുവര്‍ഷം മുമ്ബ് ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് അച്ഛന്‍ 1947ല്‍ വ്രതം നോറ്റ് ശബരിമലയില്‍ പോയ കാര്യം പറയുന്നത്. ആ പുസ്തകത്തിലൂടെയാണ് തങ്ങള്‍ ഇക്കാര്യം അറിഞ്ഞതെന്നും യേശുദാസ് പറഞ്ഞു.

സിനിമയില്‍ അയ്യപ്പഭക്തിഗാനം പാടിയ ആദ്യത്തെ വ്യക്തി തന്റെ പിതാവായിരുന്നെന്നും യേശുദാസ് പറഞ്ഞു. പിന്നീട് എന്നെക്കൊണ്ട് ഹരിവരാസനം പാടിച്ചു. ഇതൊന്നും കൈക്കൂലി കൊടുത്തതല്ല. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രമാണ്. എന്റെ കൊച്ചുമകള്‍ ഉത്രം. അനിയന്റെ നക്ഷത്രം ഉത്രം. ഇതിനപ്പുറത്ത് എന്തുവേണമെന്നും യേശുദാസ് ചോദിച്ചിരുന്നു.

തുടക്കം മുതല്‍ യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് യേശുദാസ് സ്വീകരിച്ചിരുന്നത്. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും. ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെയെന്ന് സൂര്യ ഫെസ്റ്റിവലില്‍ അദേഹം നേരത്തെ പറഞ്ഞിരുന്നു. സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂവെന്ന് യേശുദാസ് നേരത്തെ പറഞ്ഞിരുന്നു.