കിണറില്‍ മദ്യം കലര്‍ന്ന ജലം, തൃശൂരിലെ അത്ഭുത കിണര്‍, സംഭവം ഇങ്ങനെ

തൃശൂര്‍ : ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപം ഉള്ള ഫ്ളാറ്റിലെ തമാക്കർ ആദ്യം ഒന്ന് അത്ഭുതപ്പെട്ടു. ഇതുവരെ ഇങ്ങനെ ഒരു അനുഭവം അവർക്ക് ആര്‍ക്കും ഉണ്ടായിരുന്നില്ല. ഇവർക്ക് എന്നല്ല ആർക്കും ഉണ്ടായി കാണില്ല. മറ്റൊന്നുമല്ല കിണറിലെ വെള്‌ളം വീഞ്ഞായി മാറിയോ എന്ന് പോലും അവര്‍ സംശയിച്ചു. അവരെ കുറ്റം പറയാന്‍ സാധിക്കില്ല. കാരണം രാവിലെ ടാപ്പില്‍ നിന്നും വെള്ളം എടുത്ത ഫ്‌ലാറ്റ് നിവാസികള്‍ക്ക് എല്ലാം മദ്യം കലര്‍ന്ന വെള്ളമാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ കഥ അറിഞ്ഞപ്പോഴാണ് ഈ പുതിയ സംവിധാനവും സര്‍ക്കാര്‍ നല്‍കിയത് ആണെന്ന് അവര്‍ക്ക് വ്യക്തം ആകുന്നത്.

ചാലക്കുടിയിലെ സോളമന്‍സ് എവന്യൂ ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ആണ് ടാപ്പില്‍ മദ്യം കലര്‍ന്ന ജലം എത്തിയത്. ഇതോടെ ഫ്‌ലാറ്റ് നിവാസികള്‍ ആദ്യം വാട്ടര്‍ ടാങ്ക് ആണ് പോയി പരിശോധിച്ചത്. ടാങ്ക് തുറന്നപ്പോള്‍ രൂക്ഷമായ മദ്യ ഗന്ധം ആയിരുന്നു. ഇതോടെ കിണറും ഒന്ന് പരിശോധിച്ച് കളയാമെന്ന് ഇവര്‍ തീരുമാനിച്ചു. കിണറില്‍ നിന്നും വെള്ളം കോരിയെടുത്ത് പരിശോധിച്ചു. അപ്പോഴും അതേ രൂക്ഷ ഗന്ധം.

ഇതോടെ സംശയവും പലതായി. ആരെങ്കിലും അറിഞ്ഞുകൊണ്ട് കിണറ്റില്‍ മദ്യം കലര്‍ത്തിയത് ആണോ എന്ന് പോലും അന്വേഷണങ്ങള്‍ ഉണ്ടായി. എന്നാല്‍ ഏറ്റവും ഒടുവില്‍ എല്ലാവരും ചെന്നെത്തിയത് സമീപം ഉണ്ടായിരുന്നു ഒരു ബാറിലാണ്. സോളമന്‍സ് എവന്യൂ ഫ്‌ളാറ്റിന് സമീപത്തെ ബാറില്‍ നിന്നും ആറ് വര്‍ഷം മുന്‍പ് എക്സൈസുകാര്‍ ആറായിരം ലിറ്റര്‍ മദ്യം പിടിച്ചിരുന്നു.

എക്‌സൈസ് പിടി കൂടിയ മദ്യം ബാറില്‍ തന്നെ സീല്‍ ചെയ്ത് സൂക്ഷിക്കുകയാണ് ചെയ്തത്. കേസിന്റെ നടപടികള്‍ പൂര്‍ത്തിയായതോടെ മദ്യം നശിപ്പിക്കാന്‍ എക്‌സൈസ് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ബാറിന് സമീപം വലിയ കുഴി എടുത്ത് മദ്യം ഒഴിച്ചു കളയുകയാണ് എക്‌സൈസ് ചെയ്തത്. ആ ആറായിരം ലിറ്റര്‍ മദ്യമാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്‌ലാറ്റിലെ കിണറിലേക്ക് ഊര്‍ന്ന് എത്തിയത്. കുഴിയെടുത്ത് കളഞ്ഞ മദ്യം മണ്ണിലൂടെ ഒലിച്ചിറങ്ങിയത് തൊട്ട് അടുത്തുള്ള കിണറിലായിരുന്നു. സംഭവം അറിഞ്ഞ് ആദ്യം ഓടി എത്തിയതും എക്‌സൈസ്ുകാരാണ്. വിവാദം ആക്കേണ്ട കിണര്‍ ശുദ്ധി ആക്കി തരാം എന്നാണ് എക്‌സൈസുകാര്‍ പറയുന്നത്.

അതേസമയം ഒന്നാം തീയതികളില്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ഒരു ദിവസത്തേക്കുള്ള മദ്യനിരോധനം ഫലം ചെയ്യുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഒന്നാം തീയതിയും മദ്യഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരില്‍ ആലോചനകള്‍ നടക്കുന്നത്. ഒന്നാം തീയതിയിലെ നിരോധനം നീക്കണമെന്ന ടൂറിസം മേഖലയുടെ നിലപാടും ഇതിന് പ്രേരണയാകുന്നുണ്ട്. സിപിഎമ്മിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തശേഷമായിരിക്കും തീരുമാനം.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബിവറേജസ് ഔട്ട്ലൈറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ഒന്നാം തീയതി മദ്യം ലഭിക്കുന്നില്ല. ഇതില്‍ ഒരു മാറ്റം വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിലും സിപിഎമ്മിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഒരു ദിവസത്തെ നിരോധനം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.