കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊന്ന ഭീകരന്റെ വീട് കണ്ടുകെട്ടി.

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ആക്രമണം നടത്തിയ ഭീകരന്റെ വീട് പോലീസ് കണ്ടുകെട്ടി. ഭീകരൻ ആദിൽ വാനിയുടെ വീട് കണ്ടുകെട്ടിയതിനോടൊപ്പം കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ആദിൽ വാനി ഭീകരനാണെന്നറിഞ്ഞിട്ടും അയാൾക്ക് താമസ സൗകര്യമേർപ്പെടുത്തിയതിനാണ് വീട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആദിൽ വാനിക്ക് താമസ സൗകര്യം നൽകിവന്ന പിതാവും മൂന്ന് സഹോദരന്മാരുമാണ് അറസ്റ്റിലായത്.

ആദിൽ നിരോധിത സംഘടനയായ അൽ-ബാദറിന്റെ സജീവ പ്രവർത്തകനാണ്. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതിൽ പിറകെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു. ഇതാണ് കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് പോലീസിനെ എത്തിക്കുന്നത്.

കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ബുധനാഴ്ചയായിരുന്നു കശ്മീരി പണ്ഡിറ്റുകളായ സഹോദരന്മാരെ ഭീകരൻ ആദിൽ വാനി നിറയൊഴിക്കുന്നത്. ആപ്പിൾ തോട്ടത്തിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. 45 കാരനായ സുനിൽ കുമാർ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സഹോദരൻ പിന്റു കുമാർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കിയാൽ കർശനമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് ജമ്മുകശ്മീർ പോലീസ് നേരത്തെ പല തവണ അറിയിച്ചിരുന്നതാണ്. ഇത്തരത്തിലുള്ള വസതികൾ കണ്ടുകെട്ടുമെന്നും പോലീസ് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഭീകരർക്ക് ഒരുകാരണവശാലും പാർപ്പിട സൗകര്യമൊരുക്കരുതെന്നാണ് കശ്മീർ പോലീസ് നിർദേശം നൽകുന്നത്.