ആരോഗ്യ പ്രവർത്തക സംരക്ഷണ നിയമം മനുഷ്യാവകാശലംഘനമാണ്, ‘ശിക്ഷ വിധിക്കുന്നത് വാദി’യാണ്‌, പൊലീസും കോടതിയും നോക്കുകുത്തിയാകും – സി രവിചന്ദ്രന്‍

ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിനായി സർക്കാർ കൊണ്ട് വന്ന പുതിയ നിയമം മനുഷ്യാവകാശലംഘനമാണെന്ന് സ്വതന്ത്രചിന്തകന്‍ സി രവിചന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്. പുതിയ നിയമപ്രകാരം ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി സംസാരിക്കുന്നത് പോലും അറസ്റ്റിലേക്ക് വഴി വയ്ക്കുന്ന കുറ്റമാണ് എന്ന് കേള്‍ക്കുന്നത്. അതായത് സെക്യൂരിറ്റി ഗാര്‍ഡ്മാരോ ആംബുലന്‍സ് ഡ്രൈവര്‍മാരോ പോലും ഒരാള്‍ തന്നെ തെറി വിളിച്ചു എന്ന് പരാതി കൊടുത്താല്‍ അയാള്‍ അറസ്റ്റിലാവുകയും ആറ് മാസമെങ്കിലും തടവിലാകുന്ന സ്ഥിതിയുമാണ് ഉണ്ടാവുക. രോഗിക്ക് തന്റെ കണ്‍സേണ്‍ പോലും ആശുപത്രിയില്‍ പറയാന്‍ സാധിക്കാത്ത അത്രയും കര്‍ശനമാമാണിത്. സി രവിചന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.

വാദിയാണ് ഇവിടെ ശിക്ഷ വിധിക്കുന്നത്. കോടതിയോ പോലീസോ ഒന്നുമല്ല. ആരോപണം വ്യാജമാണെങ്കില്‍ എതിര്‍ശിക്ഷ ഉണ്ടോ? അന്വേഷിക്കേണ്ട കാര്യമാണ്. ‘ശിക്ഷ വിധിക്കുന്നത് വാദി’യാണെങ്കില്‍ അത് നിയമവ്യവസ്ഥയെ അട്ടിമറിക്കും. എല്ലാ വകുപ്പുകളും ദുരുപയോഗം ചെയ്യപെടുന്നതുപോലെയല്ല ഇത്തരം ജാമ്യമില്ലാത്ത ഉടന്‍കൊല്ലി വകുപ്പുകളുടെ കാര്യം. ആംബുലന്‍സ് ഡ്രൈവര്‍ മുതല്‍ ആശുപത്രി സൂപ്രണ്ട് വരെ തങ്ങളുടെ വ്യക്തിഗത അജണ്ടയുടെ ഭാഗമായി ഈ നിയമം പ്രയോഗിക്കാം. അന്ധനിയമങ്ങള്‍ ഏര്‍പ്പെടുത്തിയ എല്ലാ മേഖലകളിലും ഇത്തരം മനുഷ്യാവകാശലംഘനങ്ങള്‍ വ്യാപകമാണ്. ന്യൂനപക്ഷം മാത്രമാണ് അത് ചെയ്യുന്നതെങ്കിലും വകുപ്പിന്റെ കാഠിന്യവും കുറ്റാരോപിതന്‍ നിസ്സഹയനാണെന്നതും അതയാളെ പലപ്പോഴും ആത്മഹത്യയുടെ വക്കില്‍ വരെ എത്തിക്കും – സി രവിചന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.

സി രവിചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

പുതിയ മെഡിക്കൽ നിയമം മനുഷ്യാവകാശലംഘനം. പുതിയ നിയമപ്രകാരം ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി സംസാരിക്കുന്നത് പോലും അറസ്റ്റിലേക്ക് വഴി വയ്ക്കുന്ന കുറ്റമാണ് എന്ന് കേള്‍ക്കുന്നു. അതായത് സെക്യൂരിറ്റി ഗാര്‍ഡ്മാരോ ആംബുലന്‍സ് ഡ്രൈവര്‍മാരോ പോലും ഒരാള്‍ തന്നെ തെറി വിളിച്ചു എന്ന് പരാതി കൊടുത്താല്‍ അയാള്‍ അറസ്റ്റിലാവുകയും ആറ് മാസമെങ്കിലും തടവിലാകുന്ന സ്ഥിതിയുമാണ്. രോഗിക്ക് തന്റെ കണ്‍സേണ്‍ പോലും ആശുപത്രിയില്‍ പറയാന്‍ സാധിക്കാത്ത അത്രയും കര്‍ശനം. ഇതുപോലെ ഉടന്‍കൊല്ലി അന്ധനിയമം ആണെങ്കില്‍ പ്രശ്നമാണ്.

വാദിയാണ് ഇവിടെ ശിക്ഷ വിധിക്കുന്നത്. കോടതിയോ പോലീസോ ഒന്നുമല്ല. ആരോപണം വ്യാജമാണെങ്കില്‍ എതിര്‍ശിക്ഷ ഉണ്ടോ? അന്വേഷിക്കേണ്ട കാര്യമാണ്. ‘ശിക്ഷ വിധിക്കുന്നത് വാദി’യാണെങ്കില്‍ അത് നിയമവ്യവസ്ഥയെ അട്ടിമറിക്കും. എല്ലാ വകുപ്പുകളും ദുരുപയോഗം ചെയ്യപെടുന്നതുപോലെയല്ല ഇത്തരം ജാമ്യമില്ലാത്ത ഉടന്‍കൊല്ലി വകുപ്പുകളുടെ കാര്യം. ഒരു ആരോഗ്യപ്രവര്‍ത്തകന്‍ കുറ്റം ആരോപിക്കുന്നത് തന്നെ(വാസ്തവമാകട്ടെ-വ്യാജമാകട്ടെ) രോഗിക്ക് അല്ലെങ്കില്‍ ബന്ധുവിന് ശിക്ഷ ആയി മാറുന്ന അവസ്ഥയാണ് സംജാതമാകുന്നത്. അവിടെ പോലീസും കോടതിയുമൊക്കെ നോക്കുകുത്തിയാകും. ഇത്തരം സവിശേഷ അധികാരം കിട്ടികഴിഞ്ഞാല്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകരും (ആരോഗ്യപ്രവര്‍ത്തകരെന്നെല്ല ലോകത്താരും) അത് നൂറ് ശതമാനം നീതിയുക്തമായി ഉപയോഗിക്കുമെന്ന് കരുതാനാവില്ല.

ആംബുലന്‍സ് ഡ്രൈവര്‍ മുതല്‍ ആശുപത്രി സൂപ്രണ്ട് വരെ തങ്ങളുടെ വ്യക്തിഗത അജണ്ടയുടെ ഭാഗമായി ഈ നിയമം പ്രയോഗിക്കാം. അന്ധനിയമങ്ങള്‍ ഏര്‍പ്പെടുത്തിയ എല്ലാ മേഖലകളിലും ഇത്തരം മനുഷ്യാവകാശലംഘനങ്ങള്‍ വ്യാപകമാണ്. ന്യൂനപക്ഷം മാത്രമാണ് അത് ചെയ്യുന്നതെങ്കിലും വകുപ്പിന്റെ കാഠിന്യവും കുറ്റാരോപിതന്‍ നിസ്സഹയനാണെന്നതും അതയാളെ പലപ്പോഴും ആത്മഹത്യയുടെ വക്കില്‍ വരെ എത്തിക്കുന്നുവെന്നതും ഇത്തരം നിയമങ്ങളെ ടെറര്‍ ആക്കി മാറ്റുന്നുണ്ട്. മാലാഖമാര്‍ മാത്രമുള്ള പ്രൊഫഷന്‍ ഇല്ല. മനുഷ്യസമൂഹത്തില്‍ എല്ലാത്തരക്കാരും ഉണ്ട്. ഒരു ആശുപത്രിയിലെ ഒരു ശതമാനം ജീവനക്കാര്‍ വിചാരിച്ചാല്‍ പൊതുജനത്തിന് മൊത്തം പണി കിട്ടിയെന്ന് വരാം. കുറ്റാരോപിതന്‍ നിസ്സഹയനാകുന്ന വകുപ്പുകളെല്ലാം ഭീകരവാദമാണ്;വാദിക്ക് മാത്രം എല്ലാം തീരുമാനിക്കാന്‍ കഴിയുന്ന അവസ്ഥ ഫാഷിസവും. തിരിച്ച് ആരോഗ്യപ്രവര്‍ത്തക ര്‍ക്കെതിരെ കുറ്റാരോപണം നടത്താനും അവരെ ജാമ്യമില്ലാതെ അകത്താക്കാനും രോഗികള്‍ക്കും ബന്ധുക്കള്‍ക്കും അധികാരം ലഭിക്കുന്ന വകുപ്പ് കൊണ്ടുവന്നാല്‍ എന്തായിരിക്കും അവസ്ഥ?! ആരോഗ്യമേഖലയില്‍ വമ്പന്‍ പ്രശ്നങ്ങളുണ്ട്. That is a reality.

ജീവനക്കാരുടെ സുരക്ഷിതത്വം തീര്‍ച്ചയായും ഉറപ്പ് വരുത്തപെടണം, ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമൊക്കെ മനസ്സമാധാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടായേ തീരൂ. അതിന് തന്നെയാണ് വാദിക്കുന്നത്. പക്ഷെ അതിന് വേണ്ടി ഉടന്‍കൊല്ലി അന്ധനിയമങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പലപ്പോഴും രോഗിയും ബന്ധുക്കളും ആശുപത്രിക്ക് പകരം തടവില്‍ കിടക്കേണ്ട അവസ്ഥ വരും. രോഗികളെ ഭീഷണിപെടുത്താന്‍ ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപെടും. അതേസമയം, ആശുപത്രിക്ക് പുറത്ത് വെച്ച് ആരോഗ്യപ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യപെടാനുള്ള സാധ്യതയും വര്‍ദ്ധിക്കും. എന്തായാലും താങ്കള്‍ സൂചിപ്പിക്കുന്നത് പോലുള്ള അന്ധനിയമങ്ങളോട് 110 ശതമാനം എതിര്‍പ്പാണ്. അത് അനീതിയാണ്, ചൂഷണമാണ്. അന്യായമായ അധികാരങ്ങളോ പ്രിവിലേജുകളോ നിയമപരിരക്ഷ കളോ ആര്‍ക്കും നല്‍കരുത്. അങ്ങനെ ചെയ്യുന്നത് ഭരണഘടനാവിരുദ്ധംകൂടിയാണ്.