കുറവന്‍കോണം കേസ്; പ്രതിയെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടിൽ കയറി അതിക്രമം കാണിച്ച കേസിലെ പ്രതി സന്തോഷിനെ പുറത്താക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ നിന്ന് നിര്‍ദേശം. പ്രതി വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരനാണ്. മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലായിരുന്നു സന്തോഷ് ഡ്രൈവറായി ജോലിചെയ്ത് വന്നിരുന്നത്.

റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു ഇയാള്‍. ഓഫീസില്‍ വളരെ നല്ല പെരുമാറ്റമായിരുന്നു സന്തോഷിന്റേത്. എന്നാല്‍ ഇത്തരമൊരു കേസില്‍പ്പെട്ടതോടെ പുറത്താക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. തന്റെ ഓഫീസിലെ ഒരാള്‍ ഇത്തരമൊരു കേസില്‍പ്പെട്ടത് മന്ത്രിക്കും ഓഫീസിനും നാണക്കേടായി മാറിയ സാഹചര്യത്തിലാണ് അടിയന്തര നടപടി. ജല അതോറിറ്റിയില്‍ കരാര്‍ നിയമനങ്ങള്‍ നടത്തുന്നത് എച്ച്.ആര്‍ വിഭാഗമാണ്.

സന്തോഷ് ബുധനാഴ്ച പുലര്‍ച്ചെ കുറവന്‍കോണത്തെ വീട്ടിലാണ് ആദ്യം എത്തിയത്. ഇവിടെ അതിക്രമം കാണിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് പോയി. ഇതിന് ശേഷം കുറവന്‍കോണത്തെ വീട്ടിലെത്തി വാതില്‍ പൊളിക്കാനുള്ള ശ്രമം നടത്തി. കവടിയാര്‍ റോഡില്‍ കാറില്‍ എത്തി ടെന്നീസ് ക്ലബ്ബിന് സമീപത്ത് നിന്ന് കുറവന്‍കോണത്തേക്ക് പോകുന്ന വഴിയില്‍ പാര്‍ക്ക് ചെയ്തശേഷം നടന്നാണ് കുറവന്‍കോണത്തേക്ക് പ്രതി എത്തിയത്. ഇയാൾ സഞ്ചരിച്ച ഇന്നോവ കാറിന്റെ നമ്പർ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതോടെയാണ് പ്രതിയിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞത്.