മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ചതും സന്തോഷ് തന്നെ; തിരിച്ചറിഞ്ഞു

തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ വനിതാ ഡോക്ടറെ ഉപദ്രവിച്ചതും കുറവന്‍കോണത്ത് വീടുകളിൽ കയറി അതിക്രമം നടത്തിയതും ഒരാള്‍ തന്നെ. മ്യൂസിയം കേസിലെ പരാതിക്കാരിയായ വനിതാ ഡോക്ടര്‍ പ്രതിയെ തിരിച്ചറിഞ്ഞു. ബുധനാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡിലാണ് യുവതി പ്രതിയെ തിരിച്ചറിഞ്ഞത്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് അറസ്റ്റിലായ സന്തോഷ്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിച്ചതിനാല്‍ പോലീസ് പരാതിക്കാരിയെ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുകയായിരുന്നു. ഒക്ടോബര്‍ 26ന് പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടര്‍ക്കുനേരേയാണ് ഇയാള്‍ ലൈംഗീകാതിക്രമം നടത്തിയത്. അന്നു പുലര്‍ച്ചെ കുറവന്‍കോണത്തെ വീട്ടിലാണ് ഇയാള്‍ ആദ്യം എത്തിയത്. ഇവിടെ അതിക്രമം കാണിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് പോയി. ഇതിന് ശേഷം കുറവന്‍കോണത്തെ വീട്ടിലെത്തി വാതില്‍ പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

രണ്ട് കേസിലും പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വീടുകളിൽ സ്ഥാപിച്ചിരുന്ന സിസിസിവി ദൃശ്യങ്ങളിൽ ഇയാളുടെ മുഖം പതിഞ്ഞിരുന്നെങ്കിലും പ്രതിയെ തിരിച്ചറിയാൻ ആയിരുന്നില്ല. എന്നാൽ ഇയാൾ കവടിയാര്‍ റോഡില്‍ ക്ലബ്ബിന് സമീപത്ത് നിന്ന് കുറവന്‍കോണത്തേക്ക് പോകുന്ന വഴിയില്‍ കാർ പാര്‍ക്ക് ചെയ്തത് കേസിൽ വഴിത്തിരിവായി. കാറിന്റെ നമ്പർ സഹിതം സിസിസിവി ദൃശ്യങ്ങളിൽ പതിഞ്ഞു. ഇതോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.