മമ്മൂട്ടി നായകനായ ചിത്രത്തിന് നോ പറയേണ്ടി വന്നു, ഇനി ഒരു തിരിച്ചുവരവിന് തയ്യാറാണ്- മീനാക്ഷി

വിനയൻ സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് വെള്ളിനക്ഷത്രം. ഇതിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് മീനാക്ഷി. ശർമിളി എന്ന് ആരാധകർ വിളിക്കുന്ന താരത്തിന്റെ യഥാർത്ഥ പേര് മരിയ മാർഗരറ്റ് എന്നാണ്. കൂടാതെ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ബ്ലാക്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലെ ‘അമ്പലക്കര തെച്ചിക്കാവിൽ പൂരം’ എന്ന ഗാനത്തിലും നടി അഭിനയിച്ചിട്ടുണ്ട്. എട്ടോളം മലയാള സിനിമകളിൽ അഭിനയിച്ച ശേഷം പെട്ടെന്നായിരുന്നു മീനാക്ഷി ഇടവേള എടുത്ത് പോയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തിളങ്ങി നിന്ന സമയത്തായിരുന്നു താരം ഇടവേള എടുത്തത്. ഇന്നും മലയാളികൾ മീനാക്ഷിയെക്കുറിച്ച്‌ അന്വേഷിക്കാറുണ്ട്.

ഇപ്പോഴിതാ തിരിച്ചുവരാൻ താൻ തയ്യാറാണെന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി. കൂടാതെ താൻ സിനിമാ മേഖലയിൽ നിന്ന് ഇടവേളയെടുക്കാനുള്ള കാരണവും മീനാക്ഷി വ്യക്തമാക്കി.

ഒരു ദുരനുഭവം ഉണ്ടായിട്ട് അല്ല താൻ ഇടവേള എടുത്തതെന്നും തന്റെ കുടുംബ ജീവിതത്തിനാണ് ഏറെ പ്രധാന്യം നൽകുന്നതെന്നുമാണ് താരം പറഞ്ഞത്. ഇനി ഒരു തിരിച്ചുവരവിന് തയ്യാറാണെന്നും നല്ല പ്രൊജക്റ്റ് ലഭിക്കുമോയെന്ന് നോക്കാമെന്നും താരം കൂട്ടിച്ചേർത്തു. തന്റെ നായകനായി അഭിനയിച്ച പൃഥ്വിരാജ് സുകുമാരന്റെ വളർച്ചയിൽ വളരെ സന്തോഷമുണ്ടെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഒന്നും തന്നെയില്ല. അധികം സിനിമകൾ കാണാറില്ല. ആടുജീവിതം ഞാൻ കണ്ടില്ല. ഞാൻ തന്നെയാണ് സിനിമ നിർത്തി കുടുംബ ജീവിതത്തിലേക്ക് കടന്നത്. അതായിരുന്നു അപ്പോൾ അവിശ്യമെന്ന് എനിക്ക് തോന്നി. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ ഒരു പ്രൊജക്റ്റ് വന്നിരുന്നു. എന്നാൽ ഞാൻ അതിനോട് നോ പറഞ്ഞു. ആ സിനിമയുടെ പേര് ഓർമ്മയില്ല. ചർച്ചകൾ നടക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് നോ പറയേണ്ടിവന്നു. എന്നാൽ മമ്മൂട്ടി സാറിനൊപ്പം ‘അമ്പലക്കര തെച്ചിക്കാവിൽ പൂരം’ എന്ന ഗാനത്തിൽ അഭിയിക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷം. വെള്ളിനക്ഷത്രത്തിലെ ബാലതാരം തരുണി സച്ച്‌ദേവുമായി വളരെ നല്ല അടുത്ത ബന്ധമായിരുന്നു. തരുണിയുടെ മരണവിവരം കേട്ടപ്പോൾ ഞെട്ടിപ്പോയി.’, മീനാക്ഷി വ്യക്തമാക്കി.