നടി ഷീലയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് സ്പീക്കറുടെ ഓഫീസ്

മലയാളികളുടെ പ്രിയ നടി ഷീലയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് സ്പീക്കറുടെ ഓഫീസ്. നിയമസഭ സന്ദർശിക്കണമെന്ന ആഗ്രഹമാണ് ഷീല സഫലീകരിച്ചത്. സ്പീക്കറുടെ ഓഫീസാണ് ഷീലയുടെ ആഗ്രഹം പൂർത്തീകരിക്കാൻ സഹായിച്ചത്. പലതവണ തിരുവനന്തപുരത്ത് വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ലെന്നും സന്ദർശനം നടത്തണമെന്ന് ആഗ്രഹമുണ്ടെന്നും ഷീല സ്പീക്കറുടെ ഓഫീസിനെ അറിയിച്ചിരുന്നു. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദർശിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് സ്പീക്കറുടെ ഓഫീസ് മറുപടി നൽകുകയും ചെയ്തു. തുടർന്നാണ് ഷീല നിയമസഭാ മന്ദിരം കാണാനെത്തിയത്.

സ്പീക്കർ എ എൻ ഷംസീറും ഉദ്യോഗസ്ഥരും ചേർന്ന് ഷീലയ്ക്ക് സ്വീകരണം നൽകി. പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തത്ക്കാലത്തേക്ക് പിരിഞ്ഞ്, കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടയിൽ ആയിരുന്നു ഷീലയുടെ നിയമസഭ സന്ദർശനം. മുഖ്യമന്ത്രിയെയും ഷീല സന്ദർശിച്ചു. സഭയിലെ വിഐപി ഗ്യാലറിയിലും ഷീല സന്ദർശനം നടത്തി. 10 മിനിറ്റ് നേരം സഭാ നടപടികൾ വീക്ഷിച്ച ശേഷമാണ് ഷീല മടങ്ങിയത്.

അതേ സമയം അനുരാഗമാണ് മലയാളത്തിൽ ഷീല അവസാനം അഭിനയിച്ച ചിത്രം. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രത്തിൽ ഗൌരി കിഷൻ, ദേവയാനി, ജോണി ആൻറണി, ഗൌതം മേനോൻ, അശ്വിൻ ജോസ്, ലെന, മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു.