സിദ്ധാര്‍ഥിനൊപ്പമുള്ള വിവാഹനിശ്ചയ ചിത്രം പങ്കുവെച്ച് അദിതി

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞതായി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ‘അവന്‍ യെസ് പറഞ്ഞു’-വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രം പങ്കുവെച്ച് അദിതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘അവള്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ സിദ്ധാര്‍ഥും ഇതേ ചിത്രം പങ്കുവെച്ചു. 2021-ല്‍ പുറത്തിറങ്ങിയ ‘മഹാസമുദ്രം’ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥും അദിതിയും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത്. ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹനിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്ന് വ്യക്തമാക്കി ഇരുവരും പോസ്റ്റ് പങ്കുവെച്ചത്.

ഇരുവരും രണ്ടാം വിവാഹത്തിനാണ് ഒരുങ്ങുന്നത്. 2003-ല്‍ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ സിദ്ധാര്‍ഥ് വിവാഹം ചെയ്തിരുന്നു. 2007-ല്‍ ഇരുവരും വിവാഹമോചിതരായി. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. തന്റെ 23-ാം വയസിലാണ് അദിതി, സത്യദീപിനെ വിവാഹം ചെയ്യുന്നത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.