നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു

ചലച്ചിത്രതാരം ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി സരസ്വതി അന്തരിച്ചു. 75 വയസായിരുന്നു. പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദ് മരുമകനാണ്. എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.

അതേസമയം, ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായി തിളങ്ങിയിരുന്ന നടി ജ്യോതിർമയിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. സാൾട് ആൻഡ് പെപ്പെർ ലുക്കിലെത്തിയ ജ്യോതിർമയിയെ ചിത്രങ്ങളിൽ വൈറലായിരുന്നു. കേരള മീഡിയ അക്കാദമി പൂർവ വിദ്യാർഥി സംഗമത്തിന് ജ്യോതിർമയി എത്തിയപ്പോൾ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലായത്.

കേരള മീഡിയ അക്കാദമി അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഏതു ഗെറ്റപ്പിൽ വന്നാലും ജ്യോതിർമയിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്നും നാൽപതു വയസ്സായെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.