അക്കാര്യം അംഗീകരിക്കാന്‍ കഴിയില്ല, സായി വിഷ്ണുവുമായുള്ള സൗഹൃദം ഇല്ലാതായത് എങ്ങനെയെന്ന് വ്യക്തമാക്കി അഡോണി

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായി മാറിയ വ്യക്തിയാണ് അഡോണി ജോണ്‍. ഷോയുടെ തുടക്കത്തില്‍ റംസാന്‍, സായി വിഷ്ണു എന്നിവരുമായി വലിയ സൗഹൃദമായിരുന്നു അഡോണിക്ക് ഉണ്ടായിരുന്നത്. ഇവരൊരു മൂവര്‍ സംഘമായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ ഈ സംഘത്തില്‍ നിന്നും സായി വിഷ്ണു വേര് പിരിഞ്ഞു. ഷോ കഴിഞ്ഞിട്ടും അത് അങ്ങനെ തന്നെ തുടരുന്നുവെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഡോണി ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ഫൈനല്‍ ഫൈവിലേക്ക് വരെ പ്രതീക്ഷിക്കപ്പെട്ട താരം കൂടിയായിരുന്നു അഡോണി. എന്നാല്‍ ഷോയില്‍ 77 ദിവസം മാത്രമേ നില്‍ക്കാന്‍ സാധിച്ചുള്ളു. പാതിവഴിയില്‍ പുറത്ത് പോയെങ്കിലും അതിനോടകം തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

അഡോണിയുടെ വാക്കുകളിങ്ങനെ….

ബിഗ് ബോസ് ഹൗസിനുള്ളില്‍ 77 ദിവസം ഉണ്ടായിരുന്ന ആളാണ് ഞാന്‍. പുറത്ത് എന്താണ് നടക്കുന്നത്, എന്താണ് പുറത്തേക്ക് പോവുന്നത് എന്നത് ഷോ നടക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. 24 മണിക്കൂര്‍ എന്തായാലും സംപ്രേക്ഷണം ചെയ്യാന്‍ കഴിയില്ലാലോ. നമ്മള്‍ അവിടെ മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്ന പല ആക്ടിവിറ്റിയും ചെയ്യുന്നു. അതില്‍ നിന്നും പുറത്ത് വരുന്ന ഒന്നര മണിക്കൂര്‍ മാത്രം കണ്ടിട്ടാണ് ജനങ്ങള്‍ വിധി കര്‍ത്താക്കളായി നിന്ന് വിജയിയെ തീരുമാനിക്കുന്നതെന്നും അഡോണി പറയുന്നു.

ഗ്രാന്‍ഡ് ഫിനാലെ ഷൂട്ടിങ്ങിനായി സായി വിഷ്ണുവും ഞാനും ഒരു ഫ്‌ലൈറ്റിലായിരുന്നു ചെന്നൈക്ക് പോയത്. അടുത്തിരുന്ന് സംസാരിക്കുകയും ചെയ്തു. അവിടെ എത്തിയതിന് ശേഷം ഞങ്ങള്‍ ശരിക്കും അടിച്ച് പൊളിച്ച അഞ്ച് ദിവസങ്ങളായിരുന്നു ഗ്രാന്‍ഡ് ഫിനാലയുടെ ഷൂട്ട്. എന്നാല്‍ റൂമില്‍ നിന്നും പുറത്ത് ഇറങ്ങാന്‍ സായി വിഷ്ണു തയ്യാറായിരുന്നില്ല. വേറെ ഏത് മത്സരാര്‍ത്ഥികളോട് ചോദിച്ചാലും ഇത് തന്നെ പറയും. ഈ പരിപാടികള്‍ക്കിടയില്‍ ബാക്കിയുള്ള മത്സരാര്‍ത്ഥികള്‍ എല്ലാം വളരെ ആസ്വദിച്ചാണ് മുന്നോട്ട് പോയത്.

ഷോ കഴിഞ്ഞതിന് ശേഷവും അവിടുത്തെ സൗഹൃദം അതുപോലെ മുന്നോട്ട് കൊണ്ടുപോവണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ഒരാള്‍ക്ക് അതിന് താല്‍പര്യം ഇല്ലെങ്കില്‍ അയാളെ പിടിച്ച് വലിച്ച് സൗഹൃദത്തിലേക്ക് കൊണ്ട് വരാന്‍ സാധിക്കില്ല. നമ്മളെ സംബന്ധിച്ച് ക്യാമറയില്‍ കാണിക്കാന്‍ വേണ്ടിയുള്ള സൗഹൃദം ആയിരുന്നില്ല ഷോയില്‍ ഉണ്ടായിരുന്നത്. ഷോ കഴിഞ്ഞിട്ടും നമ്മള്‍ അത് തുടരുന്നു. ഉദാഹരണത്തിന് പൊളി ഫിറോസുമായുള്ള ബന്ധവും അഡോണി ചൂണ്ടിക്കാട്ടുന്നു.

അവന്‍ ഭയങ്കര ഫൈറ്റിങ് പവര്‍ ഉള്ള ആളാണ്. ഒരോ ടാസ്‌കിലും നന്നായി ഫൈറ്റ് ചെയ്യും. അത്തരത്തില്‍ ഫൈറ്റിങ് പവര്‍ ഉള്ള ഒരു മത്സരാര്‍ത്ഥിയോട് സൗഹൃദം നഷ്ടപ്പെടാതെ തന്നെ മത്സരിക്കുക എന്നുള്ളത് നമുക്ക് ഭയങ്കരമായി ആസ്വദിക്കാന്‍ സാധിക്കും. ബിഗ് ബോസ് ഷൂട്ടിങ് നിര്‍ത്തി ഗ്രാന്‍ഡ് ഫിനാലെ വരെ നമുക്ക് ഇത്തവണ ഒരുപാട് സമയം ഉണ്ടായിരുന്നു. ആ സമയത്ത് നമ്മളെ പിന്തുണച്ച ആളുകള്‍ക്ക് നന്ദി പറഞ്ഞും മറ്റും ഞാനടക്കമുള്ള പല താരങ്ങളും ലൈവ് ആയി തന്നെയുണ്ടായിരുന്നു. എന്നാല്‍ ആ സമയത്തൊന്നും സായി വിഷ്ണുവിനെ കണ്ടില്ല.