സുപ്രിംകോടതിയില്‍ കെഎം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടേയില്ല; മാധ്യമങ്ങളെ പഴിച്ച് എ വിജരാഘവന്‍

സുപ്രിം കോടതിയില്‍ കെ എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടേയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവന്‍. നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കവെ സുപ്രിംകോടതിയില്‍ കെഎം മാണി അഴിമതിക്കാരനായിരുന്നു എന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വിവാദ പരാമര്‍ശത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു എ വിജയരാഘവന്‍. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും എ വിജയരാഘവന്‍ കുറ്റപ്പെടുത്തി.

മാധ്യമങ്ങളിലെ വാര്‍ത്താനിര്‍മ്മാണ വിദഗ്ധരാണ് വിവാദത്തിന് പിന്നില്‍. എല്‍ഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം വാര്‍ത്താ നിര്‍മിതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും എം.വിജയരാഘവന്‍ കുറ്റപ്പെടുത്തി. കോടതിയില്‍ പറഞ്ഞത് യുഡിഎഫ് അഴിമതിയെക്കുറിച്ചാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയായിരുന്നു എല്‍ഡിഎഫ് നിയമസഭയില്‍ പ്രതിഷേധിച്ചത്. എല്ലാ തരം അഴിമതിയൂടേയും കേന്ദ്രമാണ് യുഡിഎഫ് എന്നും എ.വിജയരാഘവന്‍ പറഞ്ഞു.

അതേസമയം കെഎം മാണി അഴിമതിക്കാരനായിരുന്നു എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ പരാമര്‍ശിച്ചത് വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സുപ്രിംകോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നും പാര്‍ട്ടി വിലയിരുത്തി.

വിഷയത്തില്‍ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. വിഷയം സ്റ്റിയറിംഗ് കമ്മിറ്റിയിലും ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. നിയമസഭാ കയ്യാങ്കളിക്കേസ് പരിഗണിക്കവെ എന്തുകൊണ്ട് ഇത്തരം ഒരു അക്രമം എം.എല്‍.എമാര്‍ നടത്തിയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കെ.എം. മാണി അഴിമതിക്കാരനായിരുന്നു എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ പറഞ്ഞത്.

അതിനാലാണ് മാണിയുടെ ബജറ്റ് അവതരണം എം.എല്‍.എമാര്‍ തടയാന്‍ ശ്രമിച്ചത്. ഇതാണ് സഭയില്‍ അനിഷ്ട സംഭവം ഉണ്ടാകുന്ന നടപടികളിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ നിയമസഭ തന്നെ എം.എല്‍.എമാര്‍ക്ക് ശിക്ഷാനടപടികള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള കേസുകള്‍ മറ്റും ആവശ്യമില്ലെന്നും രഞ്ജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പാണ് കോടതി രേഖപ്പെടുത്തിയത്.