താൻ എടുത്ത ടിക്കറ്റിനാണ് ഓണം ബമ്പർ ഒന്നാം സമ്മാനമെന്ന് പറഞ്ഞ് അഹമ്മദ്  വഞ്ചിച്ചു, ഇതുവരെ തിരുത്തി പറയാൻ തയ്യാറായിട്ടില്ല : സെയ്തലവി

താൻ എടുത്ത ടിക്കറ്റിനാണ് ഓണം ബമ്പർ ഒന്നാം സമ്മാനമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു വയനാട് നാലാം മൈൽ സ്വദേശി അഹമ്മദ് തന്നെ വഞ്ചിച്ചെന്ന് സെയ്തലവി. ഇക്കാര്യം ഇതുവരെ തിരുത്തി പറയാൻ അഹമ്മദ് തയ്യാറായിട്ടില്ലെന്നും സെയ്തലവി പറഞ്ഞു.

വയനാട് പനമരം സ്വദേശി സെയ്തലവി ഇന്ന് ഉച്ചയോടെയാണ് ഓണം ബമ്പര്‍ അടിച്ചുവെന്ന അവകാശ വാദവുമായി രംഗത്തെത്തുന്നത്. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്തുവഴിയാണ് സെയ്തലവി ടിക്കറ്റെടുത്തത്. ബന്ധുക്കള്‍ ഉടന്‍ ലോട്ടറി ഏജന്‍സിയില്‍ എത്തുമെന്ന് സെയ്തലവി പറഞ്ഞിരുന്നു. പിന്നീടാണ് യഥാർത്ഥ സമ്മാനർഹൻ കൊച്ചി മരട് സ്വദേശി ജയപാലൻ‍ ടിക്കറ്റുമായെത്തിയത്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ ബാങ്കിൽ സമർപ്പിച്ചുകഴിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ജയപാലൻ‍.

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്ന് വില്‍പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.

300 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിന്റെ വില. 12 കോടി രൂപയാണ് തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. 2019 മുതലാണ് ബമ്പർ സമ്മാന തുക 12 കോടി രൂപയാക്കിയത്.