അച്ഛന്‍ പറഞ്ഞ ആ ഉപദേശം മാത്രം ഞാന്‍ സ്വീകരിച്ചിട്ടില്ല, അഹാന പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും നാല് പെണ്‍മക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്. അഹാനയും സഹോദരിമാരും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയകളിലും വലിയ ആരാധക വൃന്ദമുള്ളവരാണ് എല്ലാവരും. രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന കൃഷ്ണ കുമാറിന്റെ സിനിമയിലെ തുടക്കം. ഇപ്പോള്‍ സിനിമ മേഖല തിരഞ്ഞെടുത്തപ്പോള്‍ അച്ഛന്‍ നല്‍കിയ ഉപദേശങ്ങളെ കുറിച്ച് പറയുകയാണ് നടി. കൂടാതെ അച്ഛന്‍ പറഞ്ഞു തന്ന ഒരു ഉപദേശം താന്‍ ഇതുവരെയും ചെവി കൊണ്ടിട്ടില്ലെന്നും അഹാന തുറന്ന് പറഞ്ഞു. ഒരു എഫ്.എം ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

‘ഞാന്‍ സിനിമയില്‍ വരുമ്പോള്‍ അച്ഛന്‍ കുറേയധികം നല്ല ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലൊക്കേഷനില്‍ ആരെയും വില കുറച്ചു കാണരുത്. ലൈറ്റ് ബോയ് മുതല്‍ ചായ കൊണ്ടുവരുന്നവരോട് വരെ നന്നായി പെരുമാറണം. എല്ലാവരും ഈക്വലാണ് എന്ന ചിന്ത എപ്പോഴും ഉണ്ടായിരിക്കണം എന്നൊക്കെ അച്ഛന്‍ ഉപദേശിക്കാറുണ്ട്.

നമ്മള്‍ ഏതു മേഖലയിലായാലും മുകളിലേക്ക് പോകുന്ന അതെ മുഖങ്ങള്‍ തന്നെയാണ് താഴേക്ക് വരുമ്പോഴും കാണുന്നത്, അത് കൊണ്ട് ആരെയും ചെറുതായി കാണരുത്. സിനിമ ജീവിതമല്ല ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്നും പറഞ്ഞു തരാറുണ്ട്. ഇതൊക്കെ ഞാന്‍ സ്വീകരിച്ച ഉപദേശങ്ങളാണ്. ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കണം എന്ന് അച്ഛന്‍ പറഞ്ഞു തന്ന ഉപദേശം മാത്രം ഞാന്‍ സ്വീകരിച്ചിട്ടില്ല’. അഹാന പറയുന്നു.