കുണ്ടറ പീഡന വിവാദം : പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെയടക്കം സസ്പെന്‍ഡ് ചെയ്ത് എന്‍സിപി

തിരുവനന്തപുരം : കുണ്ടറ പീഡന പരാതി വിവാദത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി എന്‍സിപി. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെയടക്കം 5പേരെ എന്‍സിപി പുറത്താക്കി. രണ്ട് പേരെ നേരത്തെയും മൂന്ന് പേരെ ഇന്നുമാണ് പുറത്താക്കിയത്. പാര്‍ട്ടിയുടെ സല്‍പ്പേര് കളഞ്ഞവെന്ന് കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ പറഞ്ഞു.

പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെയാണ് നേരത്തെ നടപടിയെടുത്തിരുന്നത് . ഇപ്പോള്‍ ബെനഡിക്റ്റ്, പ്രദീപ് കുമാര്‍, ഹണി ബിറ്റോ എന്നിവരെയാണ് പുറത്താക്കിയത്. ഫോണ്‍ വിളി വിവാദത്തില്‍ പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് ഹണിബിറ്റോയെ പുറത്താക്കിയത്. ബെനഡിക്റ്റ് ആണ് പത്ര മാധ്യമങ്ങള്‍ക്ക് ഫോണ്‍ റെക്കോര്‍ഡ് നല്‍കിയത്.

അതേസമയം, കുണ്ടറ പീഡന പരാതി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെ എന്‍സിപി താക്കീത് ചെയ്തു. ഫോണ്‍ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്നാണ് എന്‍സിപി മന്ത്രി ശശീന്ദ്രന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രവര്‍ത്തകര്‍ ഇനി ശുപാര്‍ശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങള്‍ക്ക് സമീപിക്കാവൂ എന്നാണ് പാര്‍ട്ടി തീരുമാനം.