അച്ഛനെ ഹൃദയാഘാതം കവര്‍ന്നു, അമ്മയും പോയി, വിധിയുടെ വിളയാട്ടത്തിന് മുന്നില്‍ പകച്ച് കുരുന്നുകള്‍

അച്ഛനെ നഷ്ടപ്പെട്ട വേദന അവസാനിക്കുന്നതിന് മുമ്പ് വിധിയുടെ വിളയാട്ടത്തില്‍ പകച്ചിരിക്കുകയാണ് അക്ഷയും അനന്യയും. അച്ഛന്‍ പോയതിന് ശേഷം തങ്ങളുടെ ഏക ആശ്രയമായിരുന്ന അമ്മയും തങ്ങളെ വിട്ട് പിരിഞ്ഞതോടെ ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ നീറുകയാണ് ഇവര്‍. അമ്പലമുക്കില്‍ നാല് പവന്റെ മാലയ്ക്ക് വേണ്ടി വിനീതയുടെ ജീവന്‍ കവര്‍ന്നപ്പോള്‍ ഈ കുരുന്നുകള്‍ക്ക് നഷ്ടമായത് തങ്ങളുടെ എല്ലാമെല്ലാമായിരുന്നു. വിനീതയുടെ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് കുട്ടികള്‍ക്ക് കൂട്ടായുള്ളത്.

2012 മാര്‍ച്ചിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിനീതയുടെ ഭര്‍ത്താവ് സെന്തില്‍ മരിക്കുന്നത്. അന്ന് മുതല്‍ വിനീത കുടുംബം പുലര്‍ത്താനുള്ള നെട്ടോട്ടത്തില്‍ ആയിരുന്നു. പഠനത്തില്‍ ഏറെ മിടുക്കരാണ് വിനീതയുടെ മക്കള്‍. കരിപ്പൂര്‍ ഗവ. ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്. വ ടൗണ്‍ യുപിഎസ് ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അനന്യ.

ഇനിയുള്ള ഇവരുടെ പഠനം പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കും മുന്നില്‍ ചോദ്യ ചിഹ്നമാണ്. മുത്തച്ഛന്‍ വിജയന്‍ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. തുച്ഛമായ വരുമാനം കുട്ടികളുടെ പഠനത്തിനും ജീവിതത്തിനും തികയുമോയെന്നും ഇനിയെന്ത് വഴിയെന്നും ആകുലപ്പെട്ട് കഴിയുകയാണ് വിജയനും ഭാര്യയും. സുമനസുകളുടെ സഹായവും കരുതലും അനന്യയ്ക്കും അക്ഷയിനും ഒപ്പമുണ്ടാവേണ്ടതുണ്ട്. പഠിച്ച് നല്ല നിലയിലേക്ക് അവരെത്തേണ്ടതുണ്ട്. കാനറബാങ്ക് നെടുമങ്ങാട് ശാഖയില്‍ മുത്തച്ഛന്‍ വിജയന്റെ പേരില്‍ അക്കൗണ്ടുണ്ട്. നമ്പര്‍: 2683101005397.ഐഎഫ്എസ് സി കോഡ് CNRB0002683