നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാന്‍ എന്നോട് പറയരുത് ; കാരണം എനിക്കുള്ളത് .. ; അമലപോള്‍ പറയുന്നു

തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന അമല പോള്‍ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്. മാത്രമല്ല ആദ്യമായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ സന്തോഷത്തിലുമാണ് താരം. ‘അതോ അന്ത പാര്‍വൈ പോല്‍’ എന്ന ചിത്രത്തിലാണ് അമലപോള്‍ ആദ്യമായി ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത്. ഡ്യൂപ്പില്ലാതെ അമല തന്നെയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അനുഭവങ്ങള്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല തുറന്ന് പറഞ്ഞു.

കാടിനുള്ളില്‍ അകപ്പെട്ട് പോകുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കഥയാണ് അതോ അന്ത പാര്‍വൈ പോല്‍ എന്ന ചിത്രം പറയുന്നത്. കഥ പറയുന്ന സമയം തന്നെ തനിക്കറിയാമായിരുന്നു ഇത് വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന്. ഇതുപോലുള്ള ചിത്രങ്ങളാണ് താന്‍ ആഗ്രഹിച്ചിരുന്നത്.-അമല വ്യക്തമാക്കി.

താന്‍ ആദ്യം ഫൈറ്റ് ചെയ്തപ്പോള്‍ ശരിക്ക് ചെയ്യുമോ എന്നോര്‍ത്ത് എല്ലാവര്‍ക്കും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. താന്‍ വളരെ ആക്ടീവായ, സ്‌പോര്‍ട്‌സിനോട് കമ്പമുള്ള വ്യക്തിയാണ് താനെന്ന്‌ആളുകള്‍ക്ക് അറിയില്ലെന്നാണ് തോന്നുന്നതെന്നും അമല പറഞ്ഞു.

തനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്റെ ആക്ഷന്റെ ഓരോ ചുവടും നൃത്തം പോലെ പഠിച്ചെടുത്തു. ആക്ഷന്‍ രംഗങ്ങള്‍ ചെയ്തപ്പോഴാണ് ഒരു കാര്യം താന്‍ മനസിലാക്കിയത്, ആക്ഷന്‍ ചെയ്ത് കാണിക്കുമ്പോള്‍ ആളുകള്‍ക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടും. പക്ഷേ തന്നോട് ആരെങ്കിലും നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാന്‍ പറയുന്നത് വെറുപ്പാണ്. കാരണം തനിക്കുള്ളത് ഓവറിയാണ് അല്ലാതെ ബോള്‍സല്ല, സ്ത്രീകളുടെ ശരീര ഭാഷ തന്നെ വേറെയാണെന്നും അമല പറഞ്ഞു.

റണ്‍ബേബി റണ്‍ ഒരു ബ്രേക്ക്ത്രൂ ആയിരുന്നു. അല്‍പം നെഗറ്റീവ് ടച്ചുള്ള, അല്ലെങ്കില്‍ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് മാറ്റിയ ചിത്രമായിരുന്നു ഇതെന്നും അമല വ്യക്തമാക്കി.