പത്ത് ദിവസം നീളുന്ന ട്രക്കിംഗ്,110 കിലോമീറ്റര്‍, ഹിമാലയന്‍ യാത്രകളെ കുറിച്ച് അമല പോള്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍.അഭിനയം പോലെ തന്നെ തനിക്ക് പ്രിയപ്പെട്ടതാണ് യാത്രകള്‍ എന്ന് പറയുകയാണ് അമല പോള്‍.ശരിക്കും എന്നിലൊരു നാടോടിയുണ്ട്.ഹിമാലയന്‍ ട്രക്കിംഗ് എനിക്ക് എന്നെ തന്നെ തിരിച്ചറിയാനും തിരിച്ചുപിടിക്കാനുമുള്ള അവസരമാണ് തന്നതെന്ന് പറയുകയാണ് അമല പോള്‍.

തന്റെ ഹിമാലയന്‍ യാത്രയെ കുറിച്ച് അമല പറയുന്നതിങ്ങനെ,യാത്രയിലുടനീളം എന്റെ ചിന്തകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.എല്ലാം കുത്തിക്കുറിക്കാന്‍ ഒരു ഡയറിയും ഒപ്പം കരുതി.പുറപ്പെടും മുമ്പ് ഹിമാലയന്‍ ഡയറിയുടെ ആദ്യതാളിലെഴുതി.തിരക്കുകള്‍ക്കിടയില്‍ നിന്ന് അവധിക്കാലം പോലെയാണ് കുറച്ച് ദിവസങ്ങള്‍ കിട്ടിയത്.പണ്ടേ കാത്ത് വച്ച ആഗ്രഹം പൊടിതട്ടിയെടുത്തു.ഹിമാലയം എന്ന വലിയ സ്വപ്‌നം.മൂടല്‍ മഞ്ഞ് വീണ് തണുത്തുറഞ്ഞ ഹിമാലയത്തിന്റെ ചരിവുകളിലേക്ക് ഒന്ന് പോകണമായിരുന്നു.ജീവിതം ഏറെ ആഘോഷിക്കുന്നയാളാണ് ഞാന്‍.ഒരുപാട് കാലത്തിന് ശേഷം എന്നിലേക്ക് വന്നുചേര്‍ന്ന അവധിക്കാലം ആഘോഷമാക്കാന്‍ തന്നെ തീരുമാനിച്ചു.ഒരു ബ്രേക്ക് ഇല്ലാതെ സിനിമയില്‍ നിന്ന് സിനിമയിലേക്കുള്ള സഞ്ചാരമായിരുന്നു ഇതുവരെ.ഇപ്പോഴാണ് ഒരു വ്യത്യാസം അനുഭവിക്കുന്നത്.ഞങ്ങള്‍ എട്ടുപേരാണ് യാത്ര തുടങ്ങിയത്.പത്ത് ദിവസം നീളുന്ന ട്രക്കിംഗ്,110 കിലോമീറ്റര്‍.പക്ഷേ,എട്ട് ദിവസംകൊണ്ട് ഞങ്ങള്‍ ട്രക്കിംഗ് പൂര്‍ത്തിയാക്കി.യാത്ര മതിയാക്കേണ്ടി വരുമെന്ന ഘട്ടം വരെയുണ്ടായിരുന്നു.പക്ഷേ,തോറ്റ് പിന്മാറില്ലെന്ന് മനസ് പറഞ്ഞു.ഹിമാലയത്തിന്റെ മടിത്തട്ടിലെ വശ്യമനോഹരമായ പ്രദേശമാണ് കുളു മണാലി.യാത്ര കഴിഞ്ഞിറങ്ങുമ്പോള്‍ അവിടെ കണ്ട കാഴ്ചകളും മനുഷ്യരുമായിരുന്നു മനസുനിറയെ.കാഴ്ചകളില്‍ മനംനിറഞ്ഞ് അവസാനം കണ്ണടച്ചു പോകുന്ന അനുഭവം.ഒരുപാട് കാഴ്ചകള്‍ ബാക്കി വച്ചാണ് ഹിമാലയത്തിന്റെ കുന്നുകളിറങ്ങിയത്.എട്ട് ദിവസം കൊണ്ട് കണ്ടു തീര്‍ക്കാവുന്ന കാഴ്ചകളല്ല ഹിമാലയത്തില്‍.വായിച്ചും കേട്ടും അറിഞ്ഞതിനെക്കാളെല്ലാം വിശാലമായ ഭൂമിക.എനിക്ക് എന്നെക്കുറിച്ച് നന്നായി പഠിക്കാന്‍ സാധിച്ചപ്പോള്‍ എല്ലാ പ്രതിസന്ധികളും പറന്നുപോയി.ഈ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ഞാന്‍ നടത്തിയ ഹിമാലയന്‍ യാത്രയാണ്.