അച്ഛന്‍ തന്നിരുന്ന ഉരുളയുടെ സ്വാദ്, വര്‍ഷങ്ങള്‍ മുമ്പുള്ള ഓര്‍മ്മ പങ്കുവെച്ച അമൃതയുടെ അമ്മ ലൈല

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. അമൃതയും മകള്‍ അവന്തികയും അമ്മ ലൈലയും മലയാളികള്‍ക്ക് സുപരിചിതരാണ്. യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും സജീവമാണ് ലൈല സുരേഷ്. ഇപ്പോള്‍ ലൈല എത്തിയിരിക്കുന്നത് ഉരുള എന്നൊരു കഥയുമായിട്ടാണ്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയിലൂടെയാണ് ലൈല കഥ പറഞ്ഞത്.

ലൈല സുരേഷ് പങ്കുവെച്ച കഥയിങ്ങനെ, ”എല്ലാവരുടേയും ജീവിതത്തില്‍ കടന്നുപോയിട്ടുള്ളൊരു നൊസ്റ്റാള്‍ജിയയുണ്ട്. സങ്കടങ്ങളുടേയും പരാതികളുടേയും പരിഭവത്തിന്റെയും എല്ലാമായ ഒരു വലിയ നൊസ്റ്റാള്‍ജിയയാണ്. ആ നൊസ്റ്റാള്‍ജിയ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഉണ്ടോയെന്നറിയില്ല. എന്നാലും എന്നെപ്പോലുള്ള അമ്മമാര്‍ക്ക്, അച്ഛന്മാര്‍ക്ക്, പഴയ തലമുറക്കാര്‍ക്ക് പറയാനായിട്ട് ഒരുപാട് കഥകളുണ്ടാകും. അതുപോലൊരു കഥയുമായിട്ടാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നിരിക്കുന്നത്. കഥയുടെ പേര് ‘ഉരുള’.

52 വര്‍ഷം മുമ്പുള്ള കഥയാണ്. എനിക്ക് 5 വയസ്സ് തൊട്ട് 23 വയസ്സുവരെയുള്ള സമയത്തെ ഒരു യാഥാര്‍ഥ്യം. ഞങ്ങളൊരു ചെറിയ കൂട്ടുകുടുംബമായിരുന്നു. ഭയങ്കര സ്‌നേഹമുണ്ടായിരുന്നു. ഞാനായിരുന്നു ആ വീട്ടിലെ ഏറ്റവും ഇളയ സന്താനം. ഇന്നത്തെ കാലത്തെ പോലെയല്ല, ഇന്നും അത്തരം ആചാരങ്ങള്‍ ഫോളോ ചെയ്യുന്നവരുണ്ടാകാം. എങ്കില്‍ പോലും എന്റെ അമ്മ അന്ന് ചെയ്തു കണ്ടിട്ടുള്ളത്, ആദ്യം അപ്പച്ചനുള്ള ഭക്ഷണം എടുത്തു വയ്ക്കുന്നതാണ്. അതൊരു വലിയ പാത്രത്തില്‍ നന്നായി എടുത്തു വയക്കും. കാരണം എന്താണെന്നോ, അത്രയും ഭക്ഷണങ്ങള്‍ പങ്കുവയ്ക്കാനായി ഉള്ളതാണ്. അപ്പന്‍ കഴിച്ച് കഴിഞ്ഞിട്ട്, ഞങ്ങള്‍ മൂന്ന് നാല് പേര് ചുറ്റുമിരിക്കും. മൂക്കറ്റം ഭക്ഷണം കഴിഞ്ഞ് ഇരിക്കുവാണേല്‍ പോലും അപ്പന്റെ കയ്യില്‍ നിന്ന് കിട്ടുന്ന ആ ഒരുള, അതെനിക്ക് പറയാതെ വയ്യ. ചിലപ്പോള്‍ ചമ്മന്തി മാത്രം കുഴച്ചുള്ളതായിരിക്കും. ഇപ്പം കിട്ടുമെന്ന് കാത്തിരിക്കും ഒരോരുത്തരും.

ആ ഉരുള അപ്പന്‍ കൈയ്യിലേക്ക് തരും. ഹാവു എന്ത് രുചിയാണെന്നോ. നിങ്ങള്‍ക്കും കിട്ടികാണില്ലേ അത്തരമൊരു ഉരുള. ഇപ്പോഴും ആ ഉരുളയുടെ സ്വാദുണ്ട്. മിസ് യു അപ്പാ. എന്റെ അപ്പന്‍ തരുന്ന ആ ഉരുള ഊണു മേശയില്‍ ഇരിക്കുമ്പോള്‍ ഇപ്പോഴും എപ്പോഴും ഓര്‍ക്കും. അത് കഴിച്ച് കഴിയുമ്പോ അത്രയും ആനന്ദമാണ്. അപ്പന്‍ കഴിച്ച് കഴിഞ്ഞ് ബാക്കി ചോറു പകുതി മക്കള്‍ക്കും ഒരു ഭാഗം അമ്മയ്ക്കും കൊടുക്കുന്ന പതിവ്. എന്റെ മക്കള്‍ക്കും ഞാന്‍ കൊടുക്കാറുണ്ട്. എന്നാല്‍ അന്നത്തെ മാധുര്യവും സുഖവുമൊന്നും ഇപ്പോഴില്ല, ആ ഉരുളയുടെ മഹത്വം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി. നിങ്ങള്‍ക്കുമുണ്ടാകില്ലേ ഇത്തരം അനുഭവങ്ങള്‍, നിങ്ങളതും പങ്കുവയ്ക്കൂ.”