ഇപ്പോള്‍ ആളുകള്‍ അങ്ങനെ ഫോട്ടോയ്ക്ക് മോശം കമന്റിടുമ്പോള്‍ രണ്ട് തവണ ചിന്തിക്കും, അനശ്വര രാജന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജന്‍. നേരത്തെ ഷോര്‍ട്ട്‌സ് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് അനശ്വര സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ അനശ്വരയ്ക്ക് പിന്തുണയുമായി മലയാള സിനിമയിലെ നടിമാര്‍ ‘വിമണ്‍ ഹാവ് ലെഗ്സ്’ എന്ന ക്യാംപെയിന്‍ നടത്തി. ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നടി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആ സംഭവത്തിന് ശേഷം ചിലര്‍ക്കെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് അനശ്വര പറയുന്നത്. അത്തരമൊരു മാറ്റത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും നടി പറഞ്ഞു.

അനശ്വര രാജന്റെ വാക്കുകള്‍ ഇങ്ങനെ, ‘പ്രതികരിക്കേണ്ട കാര്യങ്ങള്‍ക്ക് നമ്മള്‍ പ്രതികരിക്കുക തന്നെ വേണം. വിമണ്‍ ഹാവ് ലെഗ്സ് എന്ന ക്യാംപെയിന്‍ നടന്നപ്പോള്‍ അതിന് നല്ലത് പറഞ്ഞ ആളുകളും ഉണ്ട് മോശം പറഞ്ഞവരും ഉണ്ട്. ഇപ്പോഴും ഒരു വ്യക്തി അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുമ്പോള്‍ വിമര്‍ശനങ്ങളും മോശം വാക്കുകളും ഏറ്റുവാങ്ങുന്നുണ്ട്. അത് പെണ്‍കുട്ടികളുടെ മാത്രം കാര്യമല്ല ആണ്‍കുട്ടികളുടെയും കാര്യമാണ്.

പിന്നെ എനിക്കെതിരെ അങ്ങനെ ഒരു പ്രശ്നം വന്നപ്പോള്‍ ഒരുപാട് പേര്‍ അതിന് എതിരെ പ്രതികരിച്ചു. അവര്‍ക്കും അത്തരം അവസ്ഥകള്‍ നേരിടേണ്ടി വന്നിട്ടുള്ളത് കൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഇപ്പോള്‍ ആളുകള്‍ അങ്ങനെ ഫോട്ടോയ്ക്ക് മോശം കമന്റിടുമ്പോള്‍ രണ്ട് തവണ ചിന്തിക്കും. കാരണം അവര്‍ക്ക് തിരിച്ച് പണികിട്ടും. അപ്പോള്‍ അങ്ങനെ ഒരു മാറ്റം കൊണ്ടുവന്നതിന്റെ ഭാഗമായതില്‍ അഭിമാനമുണ്ട്.’