ഡല്‍ഹി മെട്രോയുമായുള്ള കേസില്‍ റിലയന്‍സിന് അനുകൂല വിധി;നഷ്ടപരിഹാരമായി അംബാനിക്ക് കോടികള്‍ ലഭിക്കും

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്പനിയും ഡല്‍ഹി മെട്രോയും തമ്മില്‍ നാല് വര്‍ഷമായി നിലനിന്നിരുന്ന കേസില്‍ റിലയന്‍സിന് അനുകൂലമായി കോടതി വിധി. സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അനുകൂല വിധി ലഭിച്ചതോടെ പലിശയടക്കം 46.6 ബില്യന്‍ കോടി രൂപ നഷ്ടപരിഹാരമായി റിലയന്‍സ് ഗ്രൂപ്പിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അനില്‍ അംബാനിയുടെ കീഴിലുള്ള ടെലികോം കമ്പനി വലിയ കടബാധ്യതയും ജപ്തി നടപടികളും നേരിടുന്ന സാഹചര്യത്തിലാണ് കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചത്. നഷ്ടപരിഹാരത്തിലൂടെ ലഭിക്കുന്ന തുക കടബാധ്യതകള്‍ വീട്ടാന്‍ ഉപയോഗിക്കുമെന്ന് കമ്പനിയുടെ അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചു. കോടതി വിധി വന്നതിന് പിന്നാലെ റിലയന്‍സ് ഇന്‍ഫ്രാസ്‌ടെക്ച്ചറിന്റെ ഓഹരി മൂല്യം അഞ്ച് ശതമാനം ഉയരുകയും ചെയ്തു.

2008ലാണ് റിലയന്‍സും ഡല്‍ഹി മെട്രോയും തമ്മില്‍ കരാറുണ്ടാക്കുന്നത്. രാജ്യത്തെ ആദ്യ സിറ്റി റെയില്‍ പ്രോജക്റ്റ് 2038 വരെ നടത്താനായിരുന്നു കരാര്‍. എന്നാല്‍ ഫീസ് ഇനത്തിലും നടത്തിപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതോടെ എയര്‍പോര്‍ട്ട് മെട്രോ പദ്ധതിയില്‍ നിന്ന് 2012ല്‍ റിലയന്‍സ് പിന്‍മാറി. ഡല്‍ഹി മെട്രോ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കരാര്‍ റദ്ദാക്കുന്നതിനാവശ്യമായ ഫീസ് ലഭിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു