അപർണയുടെ കാൽ തൊട്ട് വണങ്ങി ദീപക്, അഭിനന്ദനവുമായി സോഷ്യൽ മീഡിയ

ഇന്നലെ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് നടി അപർണ ദാസും നടൻ ദീപക്ക് പറമ്പോലും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തത്. കസവു സാരിയും പച്ച നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് അപർണ വിവാഹത്തിനെത്തിയത്.

ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിന് പിന്നാലെ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. ഗോൾഡൻ നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായാണ് അപർണ റിസപ്ഷനെത്തിയത്. ബ്ലൗസിൽ നിറയെ വർക്കുകൾ നൽകിയിട്ടുണ്ട്. ഐവറി നിറത്തിലുള്ള കുർത്തയും മുണ്ടുമാണ് ദീപക് ധരിച്ചത്.

വിവാഹ ചടങ്ങിൽ നിന്നുള്ള വിഡിയോയും ദൃശ്യങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതിൽ ഏറെ ശ്രദ്ധേയമായത് വിവാഹത്തിന് പിന്നാലെ അപർണയുടെ കാൽ തൊട്ട് വണങ്ങുന്ന ദീപകിന്റെ ദൃശ്യങ്ങളാണ്. പുടവ കൈമാറിയതിന് ശേഷം അപർണ ദീപക്കിന്റെ കാൽ തൊട്ട് വണങ്ങി. പിന്നാലെ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയതിന് ശേഷം ദീപക്ക് അപർണയുടെ കാലിൽ തൊട്ടും അനുഗ്രഹം വാങ്ങി. ഇതോടെ ചുറ്റും നിന്നവർ ആർപ്പു വിളിക്കുന്നതും കാണാം. ഭാര്യക്കും ഭർത്താവിനും ജീവിതത്തിൽ തുല്യ സ്ഥാനമാണെന്ന് വിവാഹദിനം തന്നെ മനസ്സിലാക്കിയ ദീപക്കിനെ പലരും അഭിനന്ദിക്കുന്നുണ്ട്.