അഗ്നിവീരന്മാരെ നിയമിക്കാൻ കരസേന കരട് വിജ്ഞാപനം പുറത്തിറക്കി.

ന്യൂഡല്‍ഹി/ അഗ്‌നിപഥ് പദ്ധതി അനുസരിച്ച് അഗ്നിവീരന്മാരെ നിയമിക്കുന്നതിന് കരസേന കരട് വിജ്ഞാപനം പുറത്തിറക്കി. അഗ്നിവീരന്മാരെ റിക്രൂട്ട്‌മെന്റ് റാലി വഴി തെരഞ്ഞെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂലൈയില്‍ ആരംഭിക്കുമെന്ന് കരസേന അറിയിക്കുകയായിരുന്നു.

കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും, ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി സൂചന നൽകിയിട്ടുണ്ട്. ഓഗസ്റ്റ് പകുതി മുതല്‍ നവംബര്‍ വരെ രാജ്യമെമ്പാടും 83 റിക്രൂട്ട്‌മെന്റ് റാലികള്‍ നടത്താനാണ് തീരുമാനം. ആദ്യബാച്ചില്‍ 25,000 പേര്‍ കരസേനയില്‍ ചേരും. രണ്ടാമത്തെ ബാച്ചിലൂടെ 15,000 പേരും സേനയിലെത്തും.

നാവികസേനയിലെ നിയമനത്തിന്റെ വിശദരൂപരേഖ ജൂണ്‍ 26 ന് പ്രസിദ്ധീകരിക്കും. വനിതകള്‍ക്കും അവസരം ലഭിക്കും. യുദ്ധക്കപ്പലിലും വനിതകള്‍ക്ക് നിയമനം ലഭിക്കും. ആദ്യ ബാച്ചിന്റെ പരിശീലനം നവംബര്‍ 21 ന് ആരംഭിക്കും. വ്യോമസേനയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 24 ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24 മുതല്‍ ആരംഭിക്കും. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബര്‍ 30 മുതല്‍ നടക്കുന്നതാണ്.