ഇനിയും വിവാഹിതരാകാത്ത സ്ത്രീകളോട് അശ്വതി ശ്രീകാന്തിന് പറയാനുള്ളത്

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ അഭിപ്രായങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടാറുണ്ട്. വിസ്മയയുടെ മരണം സോഷ്യൽമീഡിയയിലും മറ്റും ചർച്ചയാകുമ്പോൾ ഇനിയും വിവാഹം കഴിക്കാത്ത പെൺകുട്ടികളോട് പറയാനുള്ളതെന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

അശ്വതിയുടെ കുറിപ്പ്

‘പറയാനുള്ളത് ഇനിയും വിവാഹിതാവാത്ത പെൺകുട്ടികളോടാണ്.. വീട്ടിൽവന്ന് പഴയ പത്രക്കടലാണ് എടുക്കുന്നവർപോലും നമുക്ക് ഇങ്ങോട്ടാണ് പണം താരാറ്. അത് ഒഴിവാക്കേണ്ടത് വീട്ടുകാരുടെ ആവശ്യമായാൽക്കൂടി. അപ്പോൾ അങ്ങോട്ട് പണംകൊടുത്ത്, പൊന്നുകൊടുത്ത് തൃപ്തിയാകുമ്പോൾ കൂടെ കൊണ്ടുപോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങളെന്ന ബോധ്യം ഉണ്ടാവണം.’എത്ര കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയാണ് അച്ഛനമ്മമാർ കല്യാണം നടത്തിയതെന്ന ബോധ്യം ഉള്ളത് കൊണ്ടാണ് പല പെൺകുട്ടികളും ഗാർഹിക പീഡനം സഹിക്കുന്നത്, വീട്ടുകാരെ പോലും അറിയിക്കാത്തത്. അച്ഛനോ അമ്മയോ രോഗാവസ്ഥയിൽ കൂടിയാണെങ്കിൽ സഹനം അല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് ഉറപ്പിക്കുന്നവരാണ് അധികവും.

ഇനി സഹായത്തിനായി കൈ നീട്ടുന്നവരെ പോലും കൊലക്കളത്തിലേക്ക് തിരികെ പറഞ്ഞു വിടുന്നത്ര ക്രൂരമാണ് പലപ്പോഴും സമൂഹത്തിൻറെ മനോഭാവം…’കെട്ടിയോൻറെ വീട്ടിൽ അടങ്ങി നിൽക്കാതെ ചാടി പോന്നവളെന്ന’ പഴി കേട്ട പലരും ആ വരവ് കൊണ്ടാവും ഇന്നും ജീവിച്ചിരിക്കുന്നത്. പറ്റാത്ത ഇടങ്ങളിൽ നിന്ന് ഇറങ്ങി പോരുന്നവരെ വിധിക്കാതിരിക്കാനുള്ള മാന്യത ഉയർന്ന മൂല്യ ബോധമുള്ള ഒരു സമൂഹമെന്ന നിലയിൽ നമ്മളും കാണിക്കേണ്ടതാണ്.’