അട്ടപ്പാടി മധു കൊലക്കേസിലെ 13 പ്രതികൾക്കും ഏഴുവർഷം കഠിന തടവ്

അട്ടപ്പാടി മധു കൊലക്കേസിലെ 13 പ്രതികൾക്കും ഏഴുവർഷം കഠിന തടവ്; ശിക്ഷ വിധിച്ച് എസ്.സി എസ്.ടി. കോടതി. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 13 പ്രതികളെയും തവനൂര്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. 16ാം പ്രതി മുനീർ ഒഴികെയുള്ളവർക്കാണ് ശിക്ഷ വിധിച്ചത്. മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോഗം മാത്രമാണ്.

കേസിലെ പതിനാല് പ്രതികൾ കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതി കണ്ടെത്തിയിരുന്നു. പതിമൂന്ന് പ്രതികൾക്കെതിരെയാണ് നരഹത്യ കുറ്റം തെളിഞ്ഞത്. അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും ഇവർക്കെതിരെ തെളിഞ്ഞു.

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചയാളാണ് ഒന്നാം പ്രതി ഹുസൈൻ. ഇയാൾ മധുവിൻറെ നെഞ്ചിലേക്ക് ചവിട്ടിയിരുന്നു. പിന്നാലെ മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുകയായിരുന്നു. ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും. രണ്ട് പ്രതികളെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെയാണ് വെറുതെ വിട്ടത്.