മധുവധക്കേസ്‌, പ്രതികളെ പുറത്തിറങ്ങാൻ അനുവദിക്കില്ല, കുടുംബം സുപ്രീം കോടതിയിലേക്ക്

പാലക്കാട് : ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി മധുവധക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിയ്‌ക്കെതിരെയാണ് മധുവിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നത്. ശിക്ഷ മരവിപ്പിച്ചത്തിലൂടെ പ്രതിക്ക് ജാമ്യം കിട്ടുന്ന അവസ്ഥയുണ്ടാകും.

ഹുസൈന്റെ മർദ്ദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്നും സഹോദരി സരസു പറഞ്ഞു. മധുവിനെ വനത്തിൽ നിന്ന് കൂട്ടിക്കൊണ്ട് പോകുമ്പോൾ പ്രതിയുടെ സാന്നിധ്യം ഇല്ലാത്തതിനാലാണ് ശിക്ഷമരവിപ്പിച്ചത്. എന്നാൽ കോടതിയുടെ തീരുമാനത്തിൽ കുടുംബം കടുത്ത അമർഷം രേഖപ്പെടുത്തി. നവംബർ 15-നാണ് മധുവധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.

ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീൽ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിയും. അപ്പീൽ ഹർജിയിൽ പിന്നീട് വാദം കേൾക്കും. അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു ആവശ്യം. അട്ടപ്പാടി മധു കേസിലെ പ്രതികളെ ഏഴ് വർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്.

കുറ്റകൃത്യത്തിന്റെ ആദ്യ ഘട്ടത്തിൽ മധുവിനെ ആൾക്കൂട്ടം നടത്തിച്ചു കൊണ്ടു പോകുമ്പോൾ ഹുസെെൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 2024 ജനുവരിയിലായിരിക്കും പ്രതികളുടെയും സർക്കാരിന്റെയും അപ്പീലിൽ കോടതി വാദം കേൾക്കുക. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല പരിധിയിൽ കടക്കരുതെന്ന നിബന്ധനയുടെയും അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടത്.