ആറ്റുകാൽ പൊങ്കാല നാളെ, ഒരുങ്ങി തലസ്ഥാന നഗരി, ഗതാഗത നിയന്ത്രണം

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. നാളെയാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. ഇന്നലെ വൈകുന്നേരം മുതൽ നഗരത്തിൻെറ പല സ്ഥലങ്ങളിലായി പൊങ്കാല അർപ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു. കനത്ത ചൂടായതിനാൽ കുടിവെള്ള വിതരണത്തിനായി നഗരസഭയും വിവിധ സംഘടനകളും കൂടുതൽ സജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്.

പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം പാർക്ക് ചെയ്യണം. പൊങ്കാല അടുപ്പുകള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ടൈല്‍ പാകിയ ഫുട്പാത്തുകളില്‍ പൊങ്കാല അടുപ്പുകള്‍ സ്ഥാപിക്കരുതെന്നും നിര്‍ദേശത്തിൽ പറയുന്നു. നഗരത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വിലക്കുണ്ട്.

പൊങ്കാലയ്ക്ക് വരുന്ന ഭക്തരുടെ സ്വര്‍ണാഭരങ്ങള്‍ തിക്കിലും തിരക്കിലും മോഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവ വസ്ത്രത്തോട് ചേര്‍ത്ത് സേഫ്റ്റി പിന്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് സുരക്ഷ ഉറപ്പാക്കുമെന്നും സിറ്റി പൊലീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.