ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ ഉദ്യോഗാര്‍ഥികള്‍;പിന്‍വാതില്‍ നിയമനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍. ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ പ്രതിഷേധിച്ചു. പ്രതിഷേധവുമായി സ്ത്രീകളും രംഗത്തുണ്ട്. എന്നാല്‍ അനുനയ ശ്രമവുമായി പൊലീസ് രംഗത്തെത്തി. പൊലീസ് പ്രതിഷേധിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി.

ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പ്രതിഷേധ രംഗത്തുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം കടുപ്പിച്ചത് പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ്. ഇവരുടെ ആവശ്യം തങ്ങള്‍ക്ക് അനുകൂലമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ്.

താത്കാലിക ജീവനക്കാരോട് കാണിക്കുന്ന മനുഷ്യത്വത്തിന്റെ പകുതിയെങ്കിലും തങ്ങളോട് കാണിക്കണമെന്നും പലരും റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടുവെന്നും കൂടാതെ വളരെ ബുദ്ധിമുട്ടി പഠിച്ച്‌ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവരാണെന്നും ഇനി ഒരു പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്നുമാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. ലഭിച്ച ജോലി നല്‍കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

പിന്‍വാതില്‍ നിയമനത്തിനെതിരെ എംഎസ്‌എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. എംഎസ്‌എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷഭരിതമായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.