വര്‍ഷങ്ങളായുള്ള വയറ് വേദന, രോഗം കണ്ടെത്താനായില്ല, അസഹനീയ വേദനയിലും കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ച് നല്‍കി മാതൃകയായി ഭദ്ര

നെയ്യാറ്റിന്‍കര: വര്‍ഷങ്ങാളായുള്ള വയറുവേദന, കാണാത്ത ഡോക്ടര്‍മാരില്ല കയറിയിറങ്ങാത്ത ആശുപത്രി പടികള്‍ ഒന്നുമില്ല. മാരായമുട്ടം തത്തിയൂര്‍ നിരപ്പില്‍ ഗോവിന്ദത്തില്‍ ഭദ്രയാണ് വര്‍ഷങ്ങളായി കടുത്ത വേദന തിന്ന് ജീവിക്കുന്നത്. 14 വയസ് മാത്രമാണ് ഭദ്രയുടെ പ്രായം. ഈ കുറഞ്ഞ നാളില്‍ മനുഷ്യായുസിന് സഹാക്കാന്‍ പറ്റുന്നതിലും അധികം വേദന ഈ കുഞ്ഞ് അനുഭവിക്കുന്നത്. ഭദ്രക്ക് എന്ത് രോഗമെന്ന് ഇനിയും തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടുമില്ല.

കടുത്ത വയറു വേദന വരുമ്പോള്‍ ആശുപത്രിയിലേക്ക് ഭദ്രയെയും കൂട്ടി മാതാപിതാക്കള്‍ പോകും. എന്നാല്‍ തന്റെ ജീവിതത്തിന്റെ നോവുകള്‍ക്കിടയിലും അര്‍ബുദം ബാധിച്ച് മുടി നഷ്ടപ്പെട്ട സമപ്രായക്കാരിക്ക് തന്റെ മുടി പൂര്‍ണമായി മുറിച്ച് നല്‍കിയിരിക്കുകയാണ് ഭദ്ര.

മണികണ്ഠന്‍- ശ്രീകല ദമ്പതികളുടെ ഏക മകളാണ് ഈ ഒമ്പതാം ക്ലാസ്സുകാരി. അമരവിള എല്‍എംഎസ് ഹൈസ്‌കൂളിലാണ് ഭദ്ര പഠിക്കുന്നത്. കുട്ടിക്കാലം മുതലേ വയറ് വേദന മൂലം വലയുകയായിരുന്നു ഈ പെണ്‍കുട്ടി. നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും കടുത്ത വയറു വേദനയുടെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലാണ് ഭദ്ര. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ശസ്ത്രക്രിയ വിധിച്ചെങ്കിലും കൃത്യമായി അസുഖം കണ്ടെത്താന്‍ കഴിയാത്തത്തതിനാല്‍ അതും മാറ്റിവച്ചു.

ചികിത്സയും പഠനവുമൊക്കെയായി മുന്നോട്ട് പോകവെയാണ് അര്‍ബുദ ചികിത്സ മൂലം മുടി നഷ്ടപ്പെട്ട സമപ്രായക്കാരിയായ പെണ്‍കുട്ടിയുടെ വിവരം ഭദ്ര അറിയുന്നത്. പിന്നീട് ഒട്ടും മടിച്ചില്ല. തന്നേക്കാള്‍ വേദന അനുഭവിക്കുന്ന പെണ്‍കുട്ടിക്ക് തന്റെ മുടി പൂര്‍ണമായും മുറിച്ച് നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ഡോക്ടര്‍ ആകണമെന്നും സുരേഷ് ഗോപിയെ നേരില്‍ കാണമെന്നും ഭദ്രയുടെ ആഗ്രഹങ്ങളാണ്.

കൂലിപ്പണിക്കാരനായ പിതാവ് മണികണ്ഠന് ഇതു കേള്‍ക്കുമ്പോള്‍ ചിരിയാണ്. ചികിത്സയ്ക്കായി ഇവര്‍ കയറിയിറങ്ങാത്ത ആശുപത്രികളില്ല, കാണാത്ത ഡോക്ടര്‍മാരില്ല. അതിനിടയില്‍ എങ്ങനെ മകളുടെ ആഗ്രഹം സാധിച്ചു നല്‍കും എന്ന സംശയമാണ് ആ പുഞ്ചിരിക്കു പിന്നിലെന്നു ഭദ്രയ്ക്കറിയാം.