ബിൻസി തോമസിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

ജല അതോറിറ്റി തിരുവല്ല ഓഫിസിലെ ക്ലാർക്കായിരുന്ന ബിൻസി തോമസ് ചൊവ്വാഴ്ച്ച രാവിലെയാണ് മരിക്കുന്നത്. ബിൻസിയുടെ ഭർത്താവ് കണ്ടിയൂർ കടുവിനാൽപറമ്പിൽ ജിജോ കെഎസ്ഇബിയിൽ കരാർ വ്യവസ്ഥയിൽ മീറ്റർ റീഡറായി ജോലി ചെയ്യുകയാണ്. ഇയാൾ കണ്ടിയൂരിൽ ഒരു കട നടത്തുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ 7.45നു കട തുറക്കാൻ പോയി 8.45നു തിരികെയെത്തിയപ്പോൾ, കിടപ്പുമുറിയിൽ കട്ടിലിൽനിന്നു താഴെവീണു കിടന്ന ബിൻസിയെയാണു കണ്ടതെന്നും കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് ജിജോ പൊലീസിനോടു പറഞ്ഞത്.

ശ്വാസം മുട്ടലിനെ തുടർന്നാണ് ബിൻസി മരിച്ചത് എന്നായിരുന്നു ജിജോയുടെ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് തൂങ്ങിമരണമാണെന്ന് വ്യക്തമായത്. ഇതേ തുടർന്നാണ് ജിജോയെ പൊലീസ് ചോദ്യം ചെയ്തത്.

സ്വന്തം ഷാൾ ഉപയോ​ഗിച്ച് ജനൽകമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ജിജോയുടെ മൊഴി. ഷാളിൽ തൂങ്ങിയ ബിൻസിയെ അഴിച്ച് താഴെക്കിടത്തിയെന്നും സംഭവം പുറത്താകാതിരിക്കാൻ ഷാൾ അമ്മ കഴുകിയിട്ടെന്നും ജിജോ സമ്മതിച്ചു. എന്നാൽ, ബിൻസിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു