കൊല്ലത്ത് തപാൽ വഴി എത്തിച്ച കഞ്ചാവ് പിടികൂടി

കൊല്ലം: കൊല്ലത്ത് തപാൽ വഴി എത്തിച്ച കഞ്ചാവ് പിടികൂടി. പോസ്റ്റ് ഓഫിസ് ജീവനക്കാർക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാഴ്സലായി എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്. കൊല്ലം പട്ടത്താനത്തെ പോസ്റ്റ് ഓഫീസിലാണ് കഞ്ചാവ് പാഴ്സലായി എത്തിയത്. പാഴ്സലുകൾ തരംതിരിക്കുമ്പോഴാണ് ജീവനക്കാർക്ക് സംശയം തോന്നിയത്. പൊട്ടിയ നിലയിലായിരുന്നു കവർ.

പൊതിയില്‍ കഞ്ചാണെന്ന് മനസിലായ ഉടൻതന്നെ പോസ്റ്റ്മാസ്റ്റര്‍ എക്സൈസ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള  സംഘം എത്തി പാഴ്സല്‍ പൊട്ടിച്ച് പരിശോധിച്ച് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.

220 ഗ്രാം തൂക്കമുള്ള കഞ്ചാവ് ഇൻഡോറിൽ നിന്നുമാണ് എത്തിയത്. പോസ്റ്റോഫീസ് വഴി ആദ്യമായിട്ടാണ് ഇങ്ങനെ കഞ്ചാവ് എത്തുന്നതെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും എക്സൈസ് അറിയിച്ചു.