അരയും തലയും മുറുക്കി ബി ജെ പി ഇറങ്ങുന്നു, കേരളത്തിൽ ഒരുലക്ഷം പേരുടെ മോദി പട വരുന്നു

തിരുവനന്തപുരം . ലേ‍ാക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദി സർക്കാരിന്റെ വികസന – ക്ഷേമ – യുവജന പദ്ധതികളുടെ പ്രചാരണത്തിന് ബി ജെ പി കേരളത്തിൽ രാഷ്ട്രീയ നിറമില്ലാത്ത മേ‍ാദിപ്പട എന്ന മേ‍ാദി വാരിയേഴ്സിന് രൂപം നൽകുന്നു. ഒരു ലക്ഷം യുവാക്കളുടെ രാഷ്ട്രീയേതര കൂട്ടായ്മയാണ് സംസ്ഥാന ബിജെപി ഇതിനായി ലക്ഷ്യമിടുന്നത്. ഇവരിൽ അൻപത് ശതമാനം പേരും വനിതകളായിരിക്കും.

കേന്ദ്ര പദ്ധതികളെ മികവിന്റെ അടിസ്ഥാനത്തിൽ തുണയ്ക്കുന്നവരെയും പാർട്ടിയുമായി ബന്ധമില്ലാത്തവരെയും മേ‍ാദിപ്പടയിൽ അംഗങ്ങളാക്കും. പ്ലസ്ടുവരെ വിദ്യാഭ്യാസമുള്ള വിദ്യാർഥികൾ, ഗവേഷകർ, ഐടി,മെഡിക്കൽ, മാർക്കറ്റിങ്, മാനേജ്മെന്റ്, ഇതര പ്രഫഷനൽ സ്ഥാപനങ്ങളിലും മേഖലയിലുള്ളവർക്കും മുൻഗണന നൽകി ഒ‍ാൺലൈൻ വഴിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

പ്രധാനമന്ത്രി നരേന്ദ്ര മേ‍ാദിയേ‍ാട് അനുഭാവവും താൽപര്യവുമുളള യുവാക്കളെ ഒരു വേദിയിലെത്തിക്കുക എന്നതാണ് ഇതിലൂടെ മുഖ്യമായും ലക്‌ഷ്യം വെക്കുന്നത്. ക്യാംപസിൽനിന്നു കുറഞ്ഞത് 50 പേർ എന്നാണ് ലക്ഷ്യം. വാരിയേഴ്സിൽ 50% വനിതകൾ വേണമെന്നാണ് കെ‍ാച്ചിയിൽ ചേർന്ന സംസ്ഥാന സമിതിയുടെ നിർദേശിച്ചിരിക്കുന്നത്. പടയെ മേ‍ാദിയുടെ മികവിന്റെ പെ‍ാതുപ്രചാരകരും പിന്തുണക്കാരുമായി ചേർത്തുനിർത്തും. തിരഞ്ഞെടുക്കപ്പെടുന്നവരെ ആദ്യം സമൂഹമാധ്യമ മേഖലയിലും വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പഠനങ്ങളിലും സർവ്വേ കാലിലും പങ്കാളികളാകും. ഏപ്രിലിൽ കെ‍ാച്ചിയിൽ നടത്തുന്ന വാരിയേഴ്സ് സംഗമത്തിൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനും ആലോചന ഉണ്ട്.

വാരിയേഴ്സ് സംഗമത്തിന്റെ സംവാദത്തിന് കേന്ദ്രമന്ത്രിമാരെയും പ്രഫഷനലുകളെയും എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. യുവാക്കൾ വലിയതേ‍ാതിൽ പ്രധാനമന്ത്രിയുടെ നടപടികളെ തുണയ്ക്കുന്നുണ്ടെങ്കിലും അതു രാഷ്ട്രീയമായി ഉപയേ‍ാഗപ്പെടുത്താൻ കഴിയുന്നില്ലെന്ന ആക്ഷേപം ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിനാണ് മേ‍ാദി വാരിയേഴ്സിന്റെ ചുമതല. റജിസ്ട്രേഷൻ അടക്കമുള്ള പ്രവർത്തനങ്ങൾക്ക്, സംസ്ഥാനതല ഉപസമിതി അടുത്തദിവസം അന്തിമരൂപം നൽകാനിരിക്കുകയാണ്.

തെ‍ാഴിലുറപ്പ്, കുടുംബശ്രീ, ആശാ വർക്കേഴ്സ്, അങ്കണവാടി പ്രവർത്തകർ, രാഷ്ട്രീയേതര വനിതാ സംഘടനാ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി തൃശൂരിൽ നടത്തുന്ന വനിതാസംഗമത്തിൽ രണ്ടുലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മേ‍ാദി സർക്കാർ നടപ്പാക്കിയ വൺറാങ്ക്, വൺപെൻഷൻ ഉൾപ്പെടെ സൈനികർക്കുള്ള ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിൽ കേ‍ാഴിക്കേ‍ാട് വെച്ച് വിമുക്തഭടന്മാരുടെ സംസ്ഥാന സംഗമവും നടത്തും. കേന്ദ്രപദ്ധതികൾ സംസ്ഥാനത്തിന്റേതാക്കി പ്രചരിപ്പിക്കുന്ന ഇടത് സർക്കാരിന്റെ രാഷ്ട്രീയം എന്തെന്ന് ജനങ്ങൾക്ക് മുന്നിൽ പച്ചയായി ഈ സംഗമങ്ങളിലൂടെ ബി ജെ പി തുറന്നു കാറ്റും. വസ്തുതകൾ ജനങ്ങളെ ബേ‍ാധ്യപ്പെടുത്താനും പദ്ധതികൾ കുടുംബങ്ങളിലെത്തിക്കാനും നടത്തുന്ന ‘നന്ദി മേ‍ാദി’ ‌ക്യാംപെയ്ൻ മാർച്ച് 31 വരെ തുടരാനും തീരുമാനിച്ചിട്ടുണ്ട്.

‘നന്ദി മേ‍ാദി’ ‌ക്യാംപെയ്നിൽ ഒരു ബൂത്ത് ഇൻചാർജ് ശരാശരി 250 മുതൽ 300 വരെ വീടുകൾ സന്ദർശിക്കും. ഗുണഭേ‍ാക്താക്കളുടെ ചെറിയ വിഡിയേ‍ാ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലും മോദി ആപ്പിലും ഒപ്പം അപ്‌ലേ‍ാഡ് ചെയ്യും. ക്യാംപെയ്‌ന്റെ പുരേ‍ാഗതി 10 ദിവസം കൂടുമ്പേ‍ാൾ സംസ്ഥാന കമ്മിറ്റിക്ക് റിപ്പേ‍ാർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ മാസം 15 മുതൽ 25 വരെ ബൂത്തുതല ഭാരവാഹികളുടെ ഡേറ്റാ പരിശേ‍ാധന ഇതിനായി നടക്കുന്നുണ്ട്.

പാർട്ടി ഫണ്ട് ശേഖരണത്തിന് ചുമതലപ്പെട്ടവർ, മതിയായ കാരണമില്ലാതെ ഇത്തരം പ്രവർത്തനത്തിന് ഇറങ്ങിയിട്ടില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുന്നുണ്ട്. 25,000 പേരെ പങ്കെടുപ്പിക്കുന്ന വിധത്തിലുള്ള പരിപാടികൾ, മേയിൽ നടക്കുന്ന സംസ്ഥാന പ്രസിഡന്റിന്റെ പദയാത്രയുടെ ഭാഗമായി ലേ‍ാക്സഭാ മണ്ഡലങ്ങളിൽ സംഘടിപ്പിക്കാനാണ് ബി ജെ പി തീരുമാനിച്ചിട്ടുള്ളത്. 20 ലേ‍ാക്സഭാ മണ്ഡലങ്ങളിലും ബി ജെ പിയുടെ പദയാത്ര എത്തും.