ഉത്തര്‍പ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; മൂന്ന് ദിവസത്തിനിടെ ഏഴാമത്തെ എംഎല്‍എയും പാര്‍ട്ടിവിട്ടു

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നിൽക്കുമ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേത്വത്തിലുള്ള ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി. ഷികോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ മുകേഷ് വര്‍മ ഇന്ന് ബിജെപി വിട്ടു. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ ബിജെപി പാളയത്തില്‍ നിന്നും അകന്ന എംഎല്‍എമാരുടെ എണ്ണം ഏഴ് ആയി. മുകേഷ് വര്‍മ ഉടന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സൂചന.

രണ്ട് മന്ത്രിമാരടക്കമുള്ള ഏഴ് ജനപ്രതിനിധികളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള അതൃപ്തി പരസ്യമാക്കി പാര്‍ട്ടി വിട്ടത്. ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ രാജിയെ പിന്തുണച്ചാണ് ബിജെപിയില്‍ നിന്നുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് ശക്തമായത്. ഒബിസി വിഭാഗങ്ങള്‍ക്കുനേരെ യോഗി സര്‍ക്കാര്‍ കടുത്ത അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് എംഎല്‍എമാരുടെ രാജി.

സ്വാമി പ്രസാദ് മൗര്യയുടെ പാത പിന്തുടര്‍ന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപി വിടുമെന്ന് സൂചന നല്‍കിയാണ് മുകേഷ് വര്‍മ രാജിവെച്ചത്. പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തിയെത്തുടര്‍ന്ന് മൗര്യ രാജിവെച്ചതിന് പിന്നാലെ അതിനോട് ഐക്യപ്പെട്ട് വനംവകുപ്പ് മന്ത്രി ദാരാ സിംഗ് ചൗഹാനും പാര്‍ട്ടി വിടുകയായിരുന്നു. ദളിത്, പിന്നോക്ക വിഭാഗക്കാരെ പരിഗണിക്കാതെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നതെന്നായിരുന്നു മൗര്യയുടെ പ്രധാന ആരോപണം. ബ്രിജേഷ് കുമാര്‍ പ്രജാപതി, റോഷന്‍ലാല്‍ വര്‍മ, ഭഗവതി സാഗര്‍ എന്നിവരാണ് രാജിവെച്ച മറ്റ് എംഎല്‍എമാര്‍. ഇവരെല്ലാവരും ഉടന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.