കുഴല്‍പണ കേസ്, ആര്‍ എസ് എസ്, ബി ജെ പി ബന്ധം വ്യക്തമാക്കി പോലീസ്

തൃശൂര്‍: കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവര്‍ന്ന കേസില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആര്‍ എസ് എസ് ബിജെപി നേതാക്കളുടെ ബന്ധം വ്യക്തമാക്കി പോലീസ്. പണം ഡ്രൈവര്‍ക്ക് കൈമാറിയ ധര്‍മജന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്ന് തൃശൂര്‍ എസ് പി ജി പൂങ്കുഴലി വ്യക്തമാക്കി. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പണം കൊണ്ടുവരുന്നതിന്റെ ചുമതല ധര്‍മരാജനായിരുന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായികിനാണ് ഇയാള്‍ പണം കൈമാറിയത്. സുനില്‍ നായിക്കിനെ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ ധര്‍മജനുമായി ബിസിനസ് ബന്ധമാണ് ഉള്ളതെന്ന് സുനില്‍ പറഞ്ഞു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി.

പണവുമായി സഞ്ചരിക്കാന്‍ ഏര്‍പ്പെടുത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ ഷംജീറും ധര്‍മരാജനും കൊടകര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ധര്‍മരാജിന് ബിജെപി ഉന്നച നേതൃത്വവുമായി ഉള്ള ബന്ധമാണ് കേസില്‍ വഴിത്തിരിവായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരിക്കെ സുനില്‍ നായിക് ട്രഷററായിരുന്നു. കുഴല്‍പണത്തട്ടിപ്പു കേസില്‍ ഒരു പ്രതികൂടി പൊലീസിന്റെ പിടിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണു പിടിയിലായത്. പ്രധാന പ്രതികളടക്കം 5 പേര്‍ക്കായി പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

മുന്‍പ് യുവമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന സുനില്‍ നായിക് യുവമോര്‍ച്ച ദേശീയസമിതിയില്‍ അംഗമായി. ഇതോടെ ദേശീയ നേതാക്കളുമായി സൗഹൃദം സ്ഥാപിച്ചു. അന്നത്തെ യുവമോര്‍ച്ച നേതാക്കളില്‍ പലരും ഇപ്പോള്‍ കേന്ദ്രമന്ത്രിമാരാണ്. ഇവരുമായി അടുത്ത സൗഹൃദം ഇപ്പോഴും സുനില്‍ നായിക്ക് പുലര്‍ത്തുന്നുണ്ട്.

മുന്‍കാല അബ്കാരി കോണ്‍ട്രാക്ടറായ ധര്‍മരാജന്‍ നിലവില്‍ കോഴിക്കോട്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്ത് വരികയാണ്. പണമിടപാട് ബിസിനസ് ആവശ്യത്തിനാണെന്ന് ധര്‍മജനും സുനില്‍ നായികും പറഞ്ഞിരുന്നു. ഇതന്വേഷിക്കാന്‍ പോലീസ് ഇരുവരെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കും. കോഴിക്കോട് ബിജെപിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നയാളാണ് ധര്‍മരാജന്‍.