ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായും അണച്ചു, 48 മണിക്കൂർ ജാഗ്രത തുടരും

കൊച്ചി: അഗ്നിരക്ഷാസേനയുടെ 12 ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ ബ്രഹ്മപുരത്തെ തീയും പുകയും അണച്ചു. വൈകിട്ട് അഞ്ചരയോടെ 100 ശതമാനം പുകയും പൂർണമായും ശമിപ്പിക്കാനായെന്നാണ് ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചിരിക്കുന്നത്. തീയണച്ച സാഹചര്യത്തിൽ ഭാവിയിൽ ബ്രഹ്മപുരത്ത് തീപിടിത്തം ആവർത്തിക്കാതിരിക്കാൻ പദ്ധതികൾ അവലോകനം ചെയ്യാൻ കളക്ടറുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റി യോഗവും ചേർന്നു.

48 മണിക്കൂർ കൂടി മേഖലയിൽ ജാഗ്രത തുടരും. അഗ്നിരക്ഷാസേന പ്രദേശത്ത് ഇപ്പോഴും ക്യാംപ് ചെയ്യുന്നുണ്ട്. പുക മൂലം വായുമലിനീകരണം ഉണ്ടായ സ്ഥലങ്ങളിൽ ഇന്ന് മുതൽ ആരോഗ്യ സർവേയും ആരംഭിക്കും.

ബ്രഹ്മപുരം തീപിടുത്തത്തിൽ കേന്ദ്രം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാനത്തിന് എല്ലാപിന്തുണയും ഉറപ്പുനൽകുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് വി.മുരളീധരനും യുഡിഎഫ് മന്ത്രിമാരും മന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പ്രതികരണം.

ബ്രഹ്മപുരം വിഷയം ഇന്നും നിയമസഭയിൽ ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കൗൺസിലർമാരുടെ സമരത്തിനെതിരായ പോലീസ് നടപടി ഉന്നയിക്കും. ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.