ബലാത്സം​ഗത്തെ തുടർന്ന് ​ഗർഭിണി ആയാൽ ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കരുത്, 16-കാരിക്ക് അനുകൂല ഉത്തരവ്

കൊച്ചി: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഹൈക്കോടതി. 16 വയസ്സുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ 27 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിനല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിരീക്ഷണം.

വിവാഹേതര ബന്ധത്തിലോ ലൈംഗികാതിക്രമത്തിനോ ഇരയായി ​ഗർഭം ധരിക്കുന്നവർ വലിയ ​ദുരിതമാണ് അനുഭവിക്കുന്നത്. ബലാത്സം​ഗത്തിൽ ​ഗർഭിണിയായ യുവതി പ്രസവിക്കണെമെന്ന് നിർബന്ധിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

16-കാരിയുടെ അമ്മയാണ് ​ഗർഭം അലസിപ്പിക്കുന്നതിനായി കോടതിയെ സമീപിച്ചത്. 19-കാരനായ കാമുകനിൽ നിന്നാണ് പെൺകുട്ടി ​ഗർഭം ധരിച്ചത്. യുവാവിനെതിരെ കണ്ണൂരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അമ്മ കോടതിയിൽ പറഞ്ഞു. 24 ആഴ്ച പ്രായമായ ​ഗർഭം അലസിപ്പിക്കാനാണ് ​ഗർഭച്ഛിദ്ര നിയമം അനുവദിക്കുന്നത്. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 27-ആഴ്ച പ്രായമായ ​ഗർഭം അലസിപ്പിക്കാൻ അനുവദിക്കുകയായിരുന്നു.