മൃതദേഹം ട്രോളിയിലാക്കി കൊണ്ടുപോയത് സിദ്ദിഖിന്റെ തന്നെ കാറിൽ, വാഹനം കണ്ടെത്തി

കോഴിക്കോട് : വ്യവസായിയുടെ ക്രൂര കൊലപാതകത്തിന്റെ വാർത്ത കേട്ടാണ് ഇന്ന് സംസ്ഥാനം ഉണർന്നത്. ഏറെ നടുക്കത്തോടെയാണ് കേരളക്കര ഈ കൊലപാതകത്തെ നോക്കിക്കാണുന്നത്. വ്യവസായിയായ സിദ്ദിഖിന്റെ ക്രൂര കൊലപാതകത്തിൽ മൂന്നു പേരാണ് ഇതുവരെ പിടിയിലായത്. കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ കാര്‍ പോലീസ് കണ്ടെത്തി. സിദ്ദിഖ് ഉപയോഗിച്ചിരുന്ന ഹോണ്ട സിറ്റി കാര്‍ ചെറുതുരുത്തിയിലാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ മൃതദേഹം കൊണ്ടുപോയതും ഇതേ കാറിലായിരുന്നു. ട്രോളി ബാഗുകളിലാക്കിയ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ച ശേഷം ചെറുതുരുത്തിയിലെത്തിയ പ്രതികള്‍ കാര്‍ ഇവിടെ ഉപേക്ഷിച്ചതാകാണം. പിന്നാലെ പ്രതികൾ ഷൊര്‍ണ്ണൂരില്‍നിന്ന് ട്രെയിന്‍ മാർഗം ചെന്നൈയിലേക്ക് കടന്നുകളയാനാണ് സാധ്യത. പാലക്കാട് വല്ലപ്പുഴ സ്വദേശി ഷിബില്‍, പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശി ഫര്‍ഹാന, വല്ലപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.

മേയ് 19-ന് പ്രതികൾ മൃതദേഹം ട്രോളി ബാഗിൽ കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മേയ് 19-ന് വൈകീട്ട് 3.09-നും 3.11-നും ഇടയിലാണ് മൃതദേഹം ട്രോളി ബാഗിലാക്കി കാറിൽ കയറ്റി കൊണ്ടുപോയത്. ഇതെല്ലം ചെയ്യുന്നത് ഒരു സ്ത്രീയും പുരുഷനുമാണെന്നും വീഡിയോയിൽ ഉണ്ടായിരുന്നു. പുറത്തു നിർത്തിയിരുന്ന കാറിലേക്ക് ആദ്യം ഒരു പുരുഷനും പിന്നീട് ഒരു യുവതിയും ബാ​ഗുകൾ കൊണ്ടു വെക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യതമായിരുന്നു.

സിദ്ധിക്കിനെ ഈ മാസം പതിനെട്ടിനാണ് കാണാതാകുന്നത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ പറ്റി വിവരങ്ങൾ ലഭിക്കാത്തതിനാൽ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. എടിഎം വഴി പണം നഷ്ടമായതായും എല്ലാ ദിവസവും പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നതായും സിദ്ധിക്കിന്റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ സിദ്ധിക്കിനെ കാണാതായതോടെ അക്കൗണ്ടിൽ നിന്നും നഷ്ട്ടപെട്ടന്ന മകൻ ഷഹദ് പറഞ്ഞു. ഇതോടെ സംശയം ഏറി. പിന്നാലെയാണ് കുടുംബം പോലീസിനെ സമീപിച്ചത്.