കശ്മീരില്‍ നിര്‍ണായക മന്ത്രിസഭാ യോഗം ചേരുന്നു

നിരോധനാജ്ഞയെ തുടര്‍ന്ന് കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരവെ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിസഭായോഗം ചേരുകയാണ്. കശ്മീരിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയതിനിടെയാണ് കേന്ദ്രമന്ത്രിസഭായോഗം ചേരുന്നത്.

ഇതിന് മുന്നോടിയായി സുരക്ഷാ കാര്യങ്ങള്‍ പരിഗണിക്കുന്ന മന്ത്രിസഭാ ഉപസമിതി പ്രധാനമന്ത്രിയുടെ വസതിയായ 7, ലോക് കല്യാണ്‍ മാര്‍ഗില്‍ ചേര്‍ന്നു. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

സാധാരണ വ്യാഴാഴ്ച ദിവസങ്ങളില്‍ ചേരുന്ന മന്ത്രിസഭ ഇന്ന് കൂടിയതു കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യാനാണെന്നാണു വിവരം. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ അമിത് ഷാ രാജ്യസഭയിലും ലോക്സഭയിലും പ്രഖ്യാപിക്കും.

അമര്‍നാഥ് തീര്‍ഥാടനത്തില്‍ ഏര്‍പ്പെട്ടവരോട് യാത്ര നിര്‍ത്തിവച്ച് തിരിച്ചുപോകാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തിനുവേണ്ടിയാണ് ഈ നടപടി സ്വീകരിച്ചത് എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അമര്‍നാഥ് യാത്രയ്ക്കെതിരായ ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് രഹസ്യാന്വേഷണവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സംസ്ഥാന അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ഇതിനെക്കുറിച്ച് എന്തെങ്കിലും പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടുമില്ല.