കസ്തൂരിരംഗൻ റിപ്പോർട്ട്; കേരളത്തിന് അനുകൂലമായ നിലപാടുമായി കേന്ദ്രം

കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ സംസ്ഥാനത്തിന് അനുകൂലമായി കേന്ദ്രം നിലപാട് സ്വീകരിച്ചതായി സൂചന. അതിനാൽ അതീവ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയേക്കും. നാളെ സംസ്ഥാന സർക്കാർ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ വിഷയത്തിൽ ചർച്ച നടത്തും. കേരളത്തിന്റെ ആവശ്യം കേന്ദ്രം ഉപാധികളോടെ അംഗീകരിക്കുന്നെന്ന് കേന്ദ്രമന്ത്രി സൂചന നൽകി.

2018 സെപ്റ്റംബർ മൂന്നിന് കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം നൽകിയിരുന്നു. കേരളം ആവശ്യപ്പെട്ട മാറ്റങ്ങൾ അതേപടി നിലനിർത്തിയാണ് കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയത്. കസ്തൂരിരംഗൻ ശുപാർശകൾ അതേപടി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ചാണ് മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയത്. സംസ്ഥാന സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് കേന്ദ്രം അറിയിച്ചിരുന്നു.