അലക്‌സേ വിടടാ…ഹെല്‍മറ്റ് ധരിച്ചിട്ടും ചാന്‍ബീവി അവസാനം പറഞ്ഞ വാക്ക്

വണ്ടിത്തടം :പാലപ്പൂര് റോഡില്‍ ദാറുല്‍സലാം വീട്ടില്‍ ചാന്‍ബീവി (78) യെ കൊലപ്പെടുത്തിയതാണെന്നു ബിരുദ വിദ്യാര്‍ഥിയായ പ്രതിയുടെ മൊഴി.വണ്ടിത്തടം യക്ഷിയമ്മന്‍ ക്ഷേത്രത്തിനു സമീപം അലക്സ് വീട്ടില്‍ അലക്സ്(21) ആണ് അറസ്റ്റിലായത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. വീടിന്റെ പിന്നിലെ മതില്‍ ചാടിക്കടന്ന് എത്തിയ അലക്സ് തോട്ടി ഉപയോഗിച്ച്‌ മുന്‍വാതിലിന്റെ കൊളുത്ത് നീക്കി അകത്തുകടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എഴുന്നേറ്റു വന്ന ചാന്‍ബീവിയുടെ മാലയില്‍ പിടിച്ചു വലിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ആളിനെ തിരിച്ചറിഞ്ഞ ചാന്‍ബീവി ‘അലക്സേ വിടെടാ’ എന്നു പറഞ്ഞതോടെ തലമുടിയില്‍ പിടിച്ചു ചുമരില്‍ രണ്ടു തവണ ശക്തിയായി ഇടിച്ചു തറയിലേക്ക് തള്ളി വീഴ്ത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. തുടര്‍ന്ന് കോളജില്‍ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ച ശേഷം വീട്ടില്‍ മടങ്ങി എത്തി.

ഓരോ പവന്‍ വീതമുള്ള രണ്ടു വളകളും രണ്ടര പവന്‍ മാലയുമാണ് കവര്‍ന്നത്. മാല കല്ലിയൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചു. വളകളിലൊന്ന് മുക്കുപണ്ടമാണെന്നു അവര്‍ പറഞ്ഞതിനെത്തുടര്‍ന്ന്കനാലില്‍ എറിഞ്ഞു ശേഷിച്ച വളയും പണവും പ്ലാസ്റ്റിക് കൂടിലാക്കി സമീപത്തെ സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിന്റെ സണ്‍ഷെയ്ഡില്‍ ഒളിപ്പിച്ചത് പൊലീസ് കണ്ടെടുത്തു.

സംഭവം പുറത്തറിഞ്ഞ ശേഷം നാട്ടുകാര്‍ക്കൊപ്പം ചാന്‍ബീവിയുടെ വീട്ടിലെത്തിയ പ്രതി ചാന്‍ബീവിയെ ആശുപത്രിയിലെത്തിക്കാനും മരണ വീട്ടില്‍ ഒരുക്കങ്ങള്‍ നടത്താനും സജീവമായിരുന്നു.