പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സ്ഥാനാര്‍ഥിയെ യുഡിഎഫ് പ്രഖ്യാപിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പേര് മാത്രമാണ് ഉയര്‍ന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടരി കെസി വേണു ഗോപാല്‍ പ്രതികരിച്ചു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്തംബർ അഞ്ചിന്. സെപ്തംബർ എട്ടിനാണ് വോട്ടെണ്ണൽ. പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഈ മാസം പതിനേഴ് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഓഗസ്റ്റ് ഇരുപത്തിയൊന്നുവരെ നാമനിർദേശപത്രിക പിൻവലിക്കാം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ്. പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.