​ 371 കോടിയുടെ അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡു ജയിലിലേക്ക്, ജാമ്യം നിഷേധിച്ചു

അമരാവതി : ടി.ഡി.പി നേതാവും മുൻമുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്. 371 കോടി രൂപയുടെ അഴിമതിക്കേസിൽ ജാമ്യം നിഷേധിച്ച വിജയവാ‌ഡയിലെ മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡിഷ്യൽ റിമാൻഡിൽ വിട്ടു. ഈ മാസം 24 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

പൊതുപ്രവർത്തകനെന്ന നിലയിൽ കുറ്റകരമായ വിശ്വാസ വഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. രാജമുണ്ട്രി ജയിലിലേക്കാണ് ചന്ദ്രബാബു നായിഡുവിനെ മാറ്റുന്നത്. ഇതോടെ നേതാവിനെ പുറത്തിറക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് ടി.‌ഡി.പിയുടെ തീരുമാനം. അഡ്വ. സിദ്ധാർത്ഥ് ലൂത്ര തന്നെ ഹൈക്കോടതിയിലും നായിഡുവിന് വേണ്ടി ഹാജരാകും.

അർദ്ധരാത്രിയായാലും കോടതിയെ സമീപിക്കുമെന്നാണ് നേതാക്കളുടെ നീക്കം. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ മുതിർന്ന പല ടി.ഡി.പി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടുണ്ട്.